ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസുകാരനെ അടുത്ത ബന്ധുവാവയ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധുസൂദനൻ -ആതിര ദമ്പതിമാരുടെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. മധുസൂദനന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസാണ് (29) പ്രതി. മാനസികാസ്വാസ്ഥ്യമുള്ള ഇവർ ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. മധുസൂദനന്റെ അമ്മ പത്മാവതിയെ പനിയെ തുടർന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ആതിര ഋത്വിക്കിനെ ദീപ്തിക്കും അവരുടെ 5 വയസുള്ള മകൾക്കുമൊപ്പം വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്കു പോയത്. രാത്രി പത്തുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലിൽ തട്ടിയിട്ടും തുറന്നില്ല. ഇതിനിടെ, ദീപ്തിയുടെ മകൾ എങ്ങനെയോ വീടിന്റെ പിന്നിലെ വാതിൽ തുറന്നു. അകത്ത് ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് ആശുപത്രിയിൽ നിന്ന് വന്നവർ കണ്ടത്. സമീപത്ത് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ദീപ്തി ദാസ്. ഉടനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരുവപ്പാറ സെയ്ന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാർത്ഥിയാണ് ഋത്വിക്.