കൊട്ടാരക്കര : ജവഹർലാൽ നെഹ്റു ആധുനിക വിദ്യാഭ്യാസത്തിന്റെ സൃഷ്ടിയാണെന്നും അദ്ദേഹത്തിന്റെ സയന്റിഫിക് ടെമ്പർ എന്ന ശാസ്ത്ര മനോവൃത്തിയാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും ശാസ്ത്ര പുരോഗതിക്കും അടിസ്ഥാനശില പാകിയതെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ പറഞ്ഞു. ഇന്ത്യയിൽ ഇന്ന് പഠിക്കുന്ന സയൻസ്സും ശാസ്ത്രത്തെയും രണ്ടായിട്ടാണ് കാണുന്നതെന്നും സയൻസിനെ വിശ്വാസമായി കാണുന്ന നടപടിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ഗോപൻ പറഞ്ഞു. മഹാത്മാഗാന്ധിയോടും ചില ഘട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിടത്തു തിരുത്തൽ ആവശ്യപ്പെടാൻ നെഹ്റുവിനും രവീന്ദ്രനാഥ ടാഗോറും ഒരു മടിയും കാണിച്ചിരുന്നില്ല. ഇന്ന് ഇവരുടെയൊക്കെ ചരിത്രം വിദ്യാഭ്യാസ രംഗത്ത് നിന്നും മായ്ച്ചു കളയാൻ ഉള്ള ഫാസിസ്റ്റ് വ്യഗ്രതയാണ് രാജ്യത്ത് നടക്കുന്നത് അത് അപലപനീയമാണെന്നും പറഞ്ഞു. കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറിയുടെ ശിശുദിന ആഘോഷത്തിന്റെ ഉദ്ഘാടനവും നെഹ്റു ഒരു വര എന്ന ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മഹാത്മ പ്രസിഡന്റ് പി ഹരികുമാർ അധ്യക്ഷനായിരുന്നു. മഹാത്മ സെക്രട്ടറി ബി സുരേന്ദ്രൻ നായർ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് എബ്രഹാം, കോശി കെ ജോൺ, കണ്ണാട്ട് രവി, കെ ജി റോയ്, എസ് എ കരീം, അന്തമൺ ശ്രീകുമാർ,അഡ്വ. ലക്ഷ്മി അജിത്, രേഖ ഉല്ലാസ്, ശാലിനി വിക്രമൻ, ഉണ്ണികൃഷ്ണൻ നായർ, അജിത് കുമാർ, രാജേഷ് ആർ, തുടങ്ങിയവർ സംസാരിച്ചു. ചിത്രരചനാ മത്സരത്തിൽ കുളക്കട ജി. വി. ഏച്ച. എസ്. എസ്സിലെ അക്ഷയ കൃഷ്ണദാസ് ഒന്നാം സ്ഥാനം നേടി. നെടുവത്തൂർ ഡി.വി. യൂ. പി. എസ് ലെ അദ്വൈത എ. ആർ. രണ്ടാം സ്ഥാനവും, പൂയപ്പള്ളി ജി ഏച്ച എസ് ലെ അഭിൻ ജിജോ മൂന്നാം സ്ഥാനവും നേടി. ശിശുദിനാഘോഷ പരിപാടിയിൽ ഇവർക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു .