എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം, മുടങ്ങിയ പെൻഷൻ തുക അനുവദിച്ച് സർക്കാർ

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ നിരന്തര പോരാട്ടത്തിനൊടുവിൽ പെൻഷൻ തുക അനുവദിച്ച് സർക്കാർ (Pension for Endosulfan sufferers). മുടങ്ങിപ്പോയ ഏഴ് മാസത്തെ തുകയാണ് ദുരിതബാധിതർക്ക് ലഭിച്ചു തുടങ്ങിയത്. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള തുകയാണ് അക്കൗണ്ടിൽ എത്തിയത്.
കഴിഞ്ഞ ഏഴുമാസമായി പെൻഷൻ മുടങ്ങിയതോടെ വലിയ ജീവിത പ്രതിസന്ധിയിലായിരുന്നു ദുരിത ബാധിതർ. ഓണത്തിന് പോലും പെൻഷൻ അനുവദിച്ചിരുന്നില്ല. കാസർകോട് ആറായിരത്തോളം എൻഡോസൾഫാൻ ദുരിത ബാധിതർ ഉണ്ട്. ഇവരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് 1200, 2200 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.
2200 രൂപ നല്‍കുന്നവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ 1700 രൂപയാണ് ഏറ്റവുമവസാനം നല്‍കിയത്. എന്നാല്‍ ഏഴ് മാസമായി ഈ തുകയും ഇവര്‍ക്ക് അന്യമായിരുന്നു. കേന്ദ്രത്തിന്‍റെ എന്‍എച്ച്‌എം ഫണ്ട് നിലച്ചതോടെ സൗജന്യ മരുന്നും ഇല്ലാതായി.
ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് തന്നെ എട്ട് മാസം കഴിഞ്ഞു. യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നാണ് സെല്ലിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി നടത്തിയിരുന്ന സൗജന്യ മരുന്ന് വിതരണം കഴിഞ്ഞ വർഷം നിർത്തിയിരുന്നു.
തുടർന്ന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല. 2010 മുതലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്നും സൗജന്യ ചികിത്സയും നൽകി തുടങ്ങിയത്. ഈ തീരുമാനം ദുരിതബാധിതർക്ക് വലിയൊരു കൈത്താങ്ങ് ആയിരുന്നു.
There are no comments at the moment, do you want to add one?
Write a comment