കൊച്ചി : ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്‌ഫാക്ക് ആലത്തിന് എറണാകുളം പോക്സോ കോടതി ഇന്ന് രാവിലെ ശിക്ഷ വിധിക്കും. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വാദമുന്നയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹൻരാജ് വാദിച്ചു. പ്രായം പരിഗണിക്കണമെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം വാദമുന്നയിച്ചു. പ്രതിയുടെ മനോനില, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ കോടതി നേരത്തേ റിപ്പോര്‍ട്ട് തേടിയിരുന്നു. ജൂലായ് 28-നാണ് പെണ്‍കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്ബാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.