ചെന്നൈ: കാലവര്‍ഷം ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. തിരുവാരൂരിലെയും കാരയ്ക്കലിലെയും സ്കൂളുകള്‍ക്കാണ് അവധി.
നീലഗിരി മൗണ്ടൈന്‍ റെയില്‍വേയുടെ കല്ലാര്‍, കുനൂര്‍ സെക്ഷനുകളില്‍ മണ്ണിടിച്ചിലുണ്ടാവുകയും മരം കടപുഴകിവീഴുകയും ചെയ്തതിനാല്‍ നവംബര്‍ 16 വരെ രണ്ടു സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കി. മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ നവംബര്‍ 10 മുതല്‍ നവംബര്‍ 16 വരെ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.