തൃശൂർ: മാലിന്യക്കുഴിയിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ച നിലയിൽ. തൃശൂർ കൊട്ടേക്കാട് കുന്നത്തുപീടികയിലാണ് സംഭവം. കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോൾ ആണ് മരിച്ചത്. കൊട്ടേക്കാട് സെയ്‌ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജോൺ പോൾ.
ഇന്നലെ വൈകിട്ടോടെ സൈക്കിളുമായി ഇറങ്ങിയ കുട്ടിയെ രാത്രിയായിട്ടും കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് സമീപമുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ നിന്ന് ജോൺ പോളിന്റെ മൃതദേഹം കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് വിയ്യൂർ എസ്എച്ച്‌ഒ പറഞ്ഞു. പരിശോധിച്ച ശേഷം പ്ലാസ്റ്റ്ക്ക് കമ്പനിക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.