Asian Metro News

വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു

 Breaking News

വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു

വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു
July 08
11:00 2023

വികസനത്തിനൊപ്പം പ്രകൃതി-വന സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്ത്വമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം  തിരുവനന്തപുരത്ത് ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ദി ഡെഫിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രകൃതി സംരക്ഷണം വിഷയമാക്കി ചർച്ചകളും സെമിനാറുകളും പലയിടങ്ങളിൽ നടക്കുന്നുണ്ട്.എന്നാൽ ഇത് പ്രവൃത്തിപഥത്തിൽ എത്തിക്കുകയെന്ന ലക്ഷ്യം പ്രാപ്തമാകുന്നതായി കാണുന്നില്ല. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന കാലഘട്ടത്തിൽ പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവമായി കാണണം. മനുഷ്യന്റെ ഓരോ പ്രവൃത്തിയുടെയും മറുവശമാണ് പ്രകൃതി ചൂണ്ടിക്കാട്ടുന്നത്. തൈ നടുന്നതു മാത്രമല്ല അതു പരിപാലിച്ചു വളർത്തിയെടുത്തുകൊണ്ടുള്ള വൃക്ഷവത്ക്കരണമാണ് ഇതിനുള്ള പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.

മുൻതലമുറ വളർത്തിയെടുത്ത വൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. വരും തലമുറയ്ക്കായി ചെയ്യേണ്ടുന്ന മഹദ് പ്രവൃത്തി ജീവനും പ്രകൃതിക്കുമായി വൃക്ഷ സംരക്ഷണം തന്നെയാണ്. സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ ചുറ്റുമുള്ള ഒരു മരമെങ്കിലും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണം. പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതമുണ്ടായാലേ നിലനിൽപ്പുള്ളു എന്ന തിരിച്ചറിവ് നേടാൻ സമൂഹം പ്രാപ്തമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൗൺസിലർ അഡ്വ.രാഖി രവികുമാർ അധ്യക്ഷയായിരുന്നു. ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഗംഗാ സിംഗ് വന മഹോത്സവ സമാപന സന്ദേശം നൽകി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (പ്ലാനിംഗ് ആന്റ് ഡവലപ്മെന്റ്) ഡി.ജയപ്രസാദ് സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഇ.പ്രദീപ്കുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (FBA) എ.ചന്ദ്രശേഖർ, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (ഇക്കോ ഡവലപ്മെന്റ്,ട്രൈബൽ വെൽഫെയർ), ജസ്റ്റിൻ മോഹൻ,  സ്‌കൂൾ പ്രിൻസിപ്പൽ നാസർ ആലക്കൽ, സ്റ്റേറ്റ് ബോർഡ് ഫോർ വൈൽഡ് ലൈഫ് അംഗം ഡോ.കലേഷ് സദാശിവൻ, പിടിഎ പ്രസിഡന്റ് എ.ലെനിൻ എന്നിവർ സന്നിഹിതരായിരുന്നു. ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (സതേൺ സർക്കിൾ ഡോ.ആർ.കമലാഹർ കൃതജ്ഞതയർപ്പിച്ചു.

വന മഹോത്സവത്തോടനുബന്ധിച്ച് ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ദി ഡെഫിലെ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനദാനം നടത്തി. സ്‌കൂളിലെ കുട്ടികൾ നൃത്തം അവതരിപ്പിച്ചു. സ്‌കൂളിൽ നിന്നും കോട്ടൂർ ആന പാർക്കിലേയ്ക്കുള്ള വിദ്യാർഥികളുടെ ഏകദിന യാത്ര ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് ഫ്ളാഗ് ഓഫ് ചെയ്തു. വന മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ പരിസരത്ത് ഗതാഗത മന്ത്രിയും വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധയിനം വൃക്ഷ തൈകൾ നട്ടു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment