ചുമട്ടു തൊഴിലാളി നിയമഭേദഗതി വരുത്തും: മന്ത്രി വി.ശിവൻകുട്ടി

അടുത്ത നിയമസഭ സമ്മേളനത്തിൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ ചുമട്ടുതൊഴിൽ മേഖലയിൽ നിയമഭേദഗതി വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ), ചുമട്ടു തൊഴിലാളികൾക്ക് സംഘടിപ്പിക്കുന്ന ത്രിദിന ‘സമഗ്ര സെർട്ടിഫൈഡ് വൈദഗ്ധ്യ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കാലഘട്ടത്തിൽ അസംഘടിതരായിരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴിൽ ക്രമീകരിക്കുന്നതിനും ക്ഷേമ പരിരക്ഷ ലഭ്യമാക്കുന്നതിനായി നിയമമുണ്ടാക്കി മാതൃക സൃഷ്ടിച്ചത് കേരളമാണ്. രാജ്യത്തെന്നല്ല ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ നിയമമാണിത്.എന്നാൽ നിലവിൽ ചുമട്ടു തൊഴിലാളികളുടെ തൊഴിൽ വൈദഗ്ദ്യം ചോദ്യം ചെയ്യപ്പെടുകയും മതിയായ സ്‌കിൽ ഇല്ല എന്ന് പറഞ്ഞു പല ജോലിയിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുമാണുള്ളത്.
കേരളത്തിലെ തൊഴിൽ മന്ത്രാലയം എന്നും തൊഴിലാളികളോടൊപ്പമാണെന്നും, ലോകവും നാടും എല്ലാ രീതിയിലും മാറുമ്പോൾ തർക്കങ്ങളിലല്ല, മാറ്റത്തിലേക്കാണ് നമ്മളും ചുവട് വയ്‌ക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ നൈപുണ്യ വികസനത്തിനുവേണ്ടി ക്ലാസ്സ് റൂമിന് പുറമേ ഇൻഡസ്ട്രിയൽ വിസിറ്റുംകൂടി സംഘടിപ്പിച്ച് വളരെ സാങ്കേതികമായി പരിശീലനം സംഘടിപ്പിച്ചതിന് കിലെയെ മന്ത്രി അഭിനന്ദിച്ചു.
There are no comments at the moment, do you want to add one?
Write a comment