കൊട്ടാരക്കര : ഡോ. വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നൽകി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ ആണ് ഹാജരായത്. പ്രതിക്ക് ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ തെളിവെടുപ്പ് എന്തിനെന്ന് ആളൂര്‍ ചോദിച്ചു. സന്ദീപിന്റെ ഇടതുകാലിന് പരിക്കുപറ്റിയത് . യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ട്. പ്രതിയെ ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും ആളൂര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സന്ദീപിന്റെ രക്തം സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സന്ദീപിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതിക്ക് പുറത്ത് സിപിഎം മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങള്‍ നടന്നു.