Asian Metro News

ആർദ്രകേരളം പുരസ്‌കാര വിതരണവും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും: മുഖ്യമന്ത്രി നിർവഹിക്കും

 Breaking News

ആർദ്രകേരളം പുരസ്‌കാര വിതരണവും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും: മുഖ്യമന്ത്രി നിർവഹിക്കും

ആർദ്രകേരളം പുരസ്‌കാര വിതരണവും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും: മുഖ്യമന്ത്രി നിർവഹിക്കും
April 17
11:09 2023

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നാളെ രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായാണ് ആർദ്രകേരളം പുരസ്‌കാരം സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർഗോഡ് 8 എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്‌സർവേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ രോഗികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.

ഇതോടൊപ്പം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗൺസിലിംഗ് സംവിധാനം, ശ്വാസകോശ രോഗനിർണയത്തിനു വേണ്ടി ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിർണയത്തിനു വേണ്ടി ആശ്വാസം ക്ലിനിക്ക്, മറ്റ് മാനസിക രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി സമ്പൂർണ മാനസികാരോഗ്യം, കിടപ്പ് രോഗികൾക്ക് വേണ്ടി സാന്ത്വന പരിചരണം, ടെലി മെഡിസിൻ സംവിധാനം എന്നിവ ഉറപ്പു വരുത്തുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment