ധീര വനിതയെ പോലീസ് സംഘടന ആദരിച്ചു.

എഴുകോൺ: അന്തർദേശീയ വനിതാ ദിനത്തിൽ എഴുകോൺ ഇരുമ്പനങ്ങാട് അജിത് ഭവനിൽ സന്ധ്യയെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. നിലയില്ലാത്ത പാറക്കുളത്തിൽ വീണ് ജീവനുവേണ്ടി പിടച്ച മുണ്ടുപൊയ്കയിൽ ശൈലജയേയും മകൾ അക്ഷയയെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതു സന്ധ്യ ആയിരുന്നു. വീട്ടാവശ്യത്തിന് പാറക്കുളത്തിൽ നിന്നും വെള്ളം എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ മകളെ രക്ഷിക്കാനായി നീന്തലറിയാത്ത ശൈലജ വെള്ളക്കെട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. ഈ സമയം സമീപത്ത് തുണി നനയ്ക്കുകയായിരുന്ന സന്ധ്യ വെള്ളത്തിലേക്ക് എടുത്തുചാടി അതി സാഹസികമായി ഏറെ പണിപ്പെട്ട് അമ്മയെയും മകളെയും രക്ഷപ്പെടുത്തി. സ്വന്തം ജീവൻ വകവയ്ക്കാതെ ആത്മധൈര്യത്തോടെ പ്രവർത്തിച്ചാണ് സന്ധ്യ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ ട്രഷറർ ആർ.രാജീവന്റെ അധ്യക്ഷതയിൽ എഴുകോൺ എസ്.എച്ച്.ഓ ടി.എസ് ശിവപ്രകാശ് അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സന്ധ്യയെ പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു. പോലീസ് സംഘടനാംഗങ്ങളായ എസ് നജീം,ബിജു.വി.പി, അജു ലൂക്കോസ്, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി സാജു. ആര്‍.എൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി നിക്സൺ ചാൻസ് അനുമോദനചടങ്ങിൽ നന്ദിയും അറിയിച്ചു. അനുമോദന യോഗത്തിൽ വനിതാ ദിനാചരണ സന്ദേശത്തോടൊപ്പം മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഇരുമ്പനങ്ങാട് എ.ഇ.പി.എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷയയുടെ പഠന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയും സഹായവും സംഘടന ഉറപ്പ് നൽകി.
There are no comments at the moment, do you want to add one?
Write a comment