മൂന്നു വർഷത്തോളം താങ്ങായിനിന്ന ജീവിത സഖി ഷഹ്നയെ തനിച്ചാക്കി പ്രണവ് യാത്രയായി

February 18
12:40
2023
ഇരിങ്ങാലക്കുട : മൂന്നു വർഷത്തോളം താങ്ങായിനിന്ന ജീവിത സഖി ഷഹ്നയെ തനിച്ചാക്കി പ്രണവ് യാത്രയായി. കഴുത്തിനു താഴെ ശരീരം തളർന്നു ജീവിതം വീൽ ചെയറിലായ പ്രണവിന് ഒരിക്കലും തളരാത്ത പ്രണയം നൽകി കൂടെനിന്ന ഷഹ്ന ഇനി തനിച്ചാണ്. ബികോം വിദ്യാർഥിയായിരിക്കെ കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിലാണ്, താഴെക്കാട് മണപറമ്പിൽ സുരേഷ്ബാബുവിന്റെ മകനായ പ്രണവിന്റെ കഴുത്തിനുതാഴെ പൂർണമായും തളർന്നത്. ജീവിതം വീൽചെയറിലേക്കു മാറിയെങ്കിലും നിരാശയുടെ ഇരുട്ടിലേക്കു വീഴാൻ തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും നിറസാന്നിധ്യമായി. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആഘോഷ വേദികളിലെത്തിയത്. വീൽചെയറിലിരുന്ന് കൂടൽമാണിക്യം ഉത്സവത്തിലെ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകൾ ഫെയ്സ്ബുക്കിൽ കണ്ടാണ് തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹ്ന പ്രണവിനെ പരിചയപ്പെട്ടത്. അമ്മ സുനിത പ്രണവിന് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചു. പ്രണവ് ഷഹ്നയെ പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ തിരുവനന്തപുരത്തുനിന്ന് താഴെക്കാട്ടെത്തിയ ഷഹ്ന 2020 മാർച്ച് 3നു പ്രണവിനെ വിവാഹം കഴിച്ചു. അന്നു മുതൽ പ്രണവിന്റെ നിഴലായി ഷഹ്നയുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങി. കഴിഞ്ഞ 30ന് പ്രണവിന്റെ ജന്മദിനവും ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രക്തം ഛർദിച്ചതിനെത്തുടർന്ന് പ്രണവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെത്തുംമുൻപു മരിച്ചു.
There are no comments at the moment, do you want to add one?
Write a comment