കൊട്ടാരക്കരയിൽ 106 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര: പോലീസ് വകുപ്പിന്റെ “യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ” ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ സുനിൽ എം.എൽ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ ഡാൻസഫ് ടീം, കൊട്ടാരക്കര പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് 106 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കൊല്ലം കോർപ്പറേഷനിൽ പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ അമൽ എഫ്(24) ആണ് പിടിയിലായത്. ഇയാളെപ്പറ്റിയുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചതിനെ തുടന്ന് കുറച്ച് ദിവസങ്ങളായി പോലീസ് ഇയാളെ പിൻതുടർന്നു വരുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇയാൾ കേളത്തിലേക്ക് ട്രെയിൻ മാർഗ്ഗവും, ബസ്സ് മാർഗ്ഗവും അന്യസംസ്ഥാനങ്ങളിൽ നിന്നും MDMA കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. എറണാകുളത്ത് നിന്നും കൊട്ടാരക്കരയ്ക്ക് ബസ്സിൽ യാത്ര ചെയ്തു വരവേ ആണ് ഇയാൾ MDMA യുമായി കൊട്ടാരക്കര പുലമണിൽ വച്ച് പിടിയിലാവുന്നത്. അന്തർ സംസ്ഥാന ഇടനിലക്കാരിൽ നിന്നും ഒരു ഗ്രാം MDMA രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായ അമൽ. ഇപ്രകാരം കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്ന MDMA ചെറു പാക്കറ്റുകളിലാക്കി 4000 രൂപയ്ക്കാണ് വിൽപ്പന നടത്തി വരുന്നതെന്നും പ്രതിയെ സമ്മതിച്ചു. ഈ കേസിലെ കണ്ണികളെക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ MDMA കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10 ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
കൊല്ലം റൂറൽ സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്. എച്ച്.ഒ പ്രശാന്ത് വി.എസ് , എസ്.ഐ ദീപു കെ.എസ്, എസ്.ഐ രാജൻ, കൊല്ലം റൂറൽ ഡാൻസഫ് ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ, സി.പി.ഒ മാരായ സജുമോൻ റ്റി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്ലീറ്റസ്, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ മാരായ മഹേഷ് മോഹൻ, ജിജി സനോജ്, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എ.എസ്.ഐ ജിജിമോൾ, സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, കിരൺ, അഭി സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
There are no comments at the moment, do you want to add one?
Write a comment