കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. 9 പേര് അടങ്ങുന്ന സംഘം ഉപ്പുതറയിൽ നിന്ന് നാഗർകോവിലിലെ ബന്ധുവീട് സന്ദർശനത്തിനായി പോകുകയായിരുന്നു. ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു റോഡിലെ കൈവരിയിൽ ഇടിച്ചു കയറി കരണം മറിഞ്ഞ ജീപ്പിൻ്റ അടിയിൽ കുരുങ്ങി പോയ നിവേദയെ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവർ ജോമോൻ ( 32 ), സതീഷ് ( 29 ) , മിത്ര ( 5 ) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
