അനധികൃത ഭൂമി/പാറ ഖനനം : റൂറൽ ജില്ലയിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു.

കൊട്ടാരക്കര: അനധികൃതമായി ഭൂമി/പാറ ഖനനം നടത്തി പാറ, മണ്ണ് എന്നിവ കടത്തുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ 24, 25 തീയതികളിൽ വ്യാപക റെയ്‌ഡുകൾ നടത്തി. ജില്ലാ പോലീസ് മേധാവി സുനിൽ. എം.എൽ. ഐ.പി,എസ്സിന്റെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്‌ഡുകൾ നടത്തിയത്. 19 സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ പൂയപ്പള്ളി, എഴുകോൺ എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രെജിസ്റ്റർ ചെയ്തു. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വെളിനല്ലൂർ, പൊരിയക്കോട് അഖിൽ നിവാസിൽ അഖിൽ (22) നിയമാനുസരണമുള്ള പാസ്സുകളില്ലാതെ അനധികൃതമായി പാറ കയറ്റി കൊണ്ട് വന്ന വാഹനം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. വാഹനവും പിടിച്ചെടുത്തു. എഴുകോൺ പോലീസ് സ്റ്റേഷനിൽ 2 കേസ്സുകൾ രജിസ്റ്റർ ചെയ്തു. എഴുകോൺ എസ്സ്.എച്ച്.ഒ യുടെ നേതൃത്ത്വത്തിൽ നടന്ന റെയ്ഡിൽ സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ നിന്നും അനധികൃതമായി ഖനനം ചെയ്ത് കടത്തികൊണ്ട് വന്ന പാറയും, മണ്ണും കയറ്റിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര, കൊല്ലാശ്ശേരി വടക്കതിൽ നാദിർഷ(32), നെല്ലിക്കുന്നം ആരോമൽ ഭവനിൽ ആരോമൽ (37) എന്നിവരാണ് 2 കേസ്സുകളിലായി അറസ്റ്റിലായത്. കൊല്ലം റൂറൽ ജില്ലയുടെ വിവധ ഭാഗങ്ങളിലായി ശക്തമായ പരിശോധനയാണ് നടന്നത്. തുടർന്നുള്ള ദിവസങ്ങളിലും അനധികൃത ഭൂമി ഖനനത്തിനെതിരെ ശക്തമായ പരിശോധനയും നിയമ നടപടികളും ഉണ്ടാകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ. എം.എൽ. ഐ.പി,എസ്സ് അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment