ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫ്രീഡം വാൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളീജിയറ്റ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായാണു നേതൃത്വം നൽകിയത്.
വിവിധ കലാലയങ്ങളുടെ പ്രധാന കവാടം, പ്രധാന കെട്ടിടങ്ങൾ തുടങ്ങി വിശാലമായ ഭിത്തികളിലെല്ലാം ക്യാപസുകളിലെ ചിത്രകാരന്മാരുടെ മുദ്ര പതിഞ്ഞ ബൃഹത്തായ കലാപദ്ധതിയായിരുന്നു ഫ്രീഡം വാൾ. 75ാ0 സ്വാതന്ത്ര്യദിനം വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഫ്രീഡം വാൾ പദ്ധതിക്ക് രൂപം കൊടുത്തത്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങണമെന്നതായിരുന്നു പദ്ധതിക്കു പിന്നിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വുകുപ്പിന്റെ കാഴ്ചപ്പാടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രവും തദ്ദേശീയ സാംസ്കാരിക പൈതൃകവും ഇനക്കിയുള്ള ചുമർ ചിത്രങ്ങളാണ് പദ്ധതിയിൽ കലാലയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടത്. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചിത്രങ്ങൾ ആലേഖനം ചെയ്തത്.
സ്വാതന്ത്ര്യമഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരുക്കിയ ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമായി ഇത് മാറി. അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓർമിപ്പിച്ച് പഞ്ചമിയെന്ന ദളിത് പെൺകുട്ടിയെ ചേർത്തുപിടിച്ചു നവോത്ഥാന നായകൻ അയ്യങ്കാളി നൽക്കുന്ന ചുമർചിത്രമടക്കം മിക്കതും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയതായും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധികൾ മന്ത്രിക്ക് സർട്ടിഫിക്കറ്റും മെഡലും കൈമാറി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയിലുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു പുരസ്കാരം ലഭിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment