പന്തളം : നടനും ഹാസ്യതാരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ-38) മരിച്ച നിലയിൽ കാണപ്പെട്ടു. ഉല്ലാസിന്റെ വീടായ പൂഴിക്കാട് തൂമല രാഘവീയത്തിന്റെ (ശാസ്താംവിള) ടെറസിലാണ് നിഷയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവമെന്നു പൊലീസ് പറഞ്ഞു. നിഷയെ കാണാതെ വന്നതോടെ വീടിനുള്ളിലും പുറത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഇതിനു ശേഷം ഒന്നാം നിലയുടെ ടെറസിൽ ഉല്ലാസിന്റെ സഹോദരന്റെ ഭാര്യ പരിശോധന നടത്തിയപ്പോഴാണ് വസ്ത്രം അലക്കി വിരിക്കുന്ന ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ നിഷയെ കാണപ്പെട്ടത്. ഉല്ലാസും ബന്ധുക്കളും ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അടൂർ ഡിവൈഎസ്പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. മകളുടെ മരണത്തിൽ സംശയങ്ങളില്ലെന്നു നിഷയുടെ അച്ഛൻ പൂങ്കാവ് ശാന്തി ഭവനിൽ ശിവാനന്ദൻ പൊലീസിനു മൊഴി നൽകി.