കേരള ടൂറിസത്തിന് വീണ്ടും പുരസ്ക്കാരതിളക്കം

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു . കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ് . 90.5 പോയിന്റുമായാണ് കേരളം ഇന്ത്യാ ടുഡെ അവാര്‍ഡിന് അര്‍ഹമായത് ഈ സര്‍ക്കാര്‍ തുടക്കമിട്ട കാരവാന് ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡെയുടെ തെരഞ്ഞെടുപ്പ്. നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് ടൂറിസം മേഖലയില്‍ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി എന്നും വിലയിരുത്തി. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഈ വർഷം കേരള ടൂറിസത്തിന് നിരവധി അവാർഡുകൾ ആണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രേഡ് മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അവാർഡ് ലഭിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയില്‍ മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ കേരളത്തെയും അടയാളപ്പെടുത്തി. ട്രാവല്‍ പ്ളസ് ലിഷറിന്റെ വായനക്കാര്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാർഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും വിധം ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇത്തരം പുരസ്ക്കാരങ്ങള്‍ പ്രചോദനമാകും . കോവിഡില്‍ തകർന്നു പോയ ടൂറിസം മേഖല ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരിച്ചു വന്നത് . ടൂറിസം മേഖലക്കും സഞ്ചാരികള്‍ക്കും സുരക്ഷിതത്വമേകി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കാരവാന് ടൂറിസത്തെ കേരളം സ്വീകരിച്ചു കഴിഞ്ഞു. കൂടുതല്‍ നവീനമായ ഉത്പ്പന്നങ്ങള്‍ സജ്ജമാക്കി കൂടുതല്‍ സഞ്ചാരികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു .
There are no comments at the moment, do you want to add one?
Write a comment