യുകെയിൽ താമസസ്ഥലത്ത് മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ

ലണ്ടൻ: യുകെയിൽ താമസസ്ഥലത്ത് മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ. ഇവിടെ നഴ്സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിൻറെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിൽ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയിൽ സർക്കാർ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.
ഭർത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സാജുവിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
There are no comments at the moment, do you want to add one?
Write a comment