കാർബൺ ബഹിർഗമന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള സർക്കാർ എന്ന നിലയിൽ കാർബൺ ബഹിർഗമന പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകളും (2022) സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡുകളും (2021)തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വിതരണം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒന്നിച്ചുകൊണ്ടുപോയി സർഗാത്മകമായ നവകേരളം കെട്ടിപ്പടുക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരുപയോഗ സാധ്യതയുള്ളതും മലിനീകരണം കുറഞ്ഞതുമായ സ്രോതസുകൾ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുന്നത് കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ്. സൗരോർജ്ജ പദ്ധതികൾ, ഇ-വാഹനങ്ങൾ, ജല വൈദ്യുത പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയിലേക്കാണ്. 336 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള സൗരോർജ്ജ പദ്ധതികളും 38.5മെഗാവാട്ട് ജല പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി വേഗത്തിൽ ആക്കും. എ.സി 26ഡിഗ്രി താപനിലയിൽ ക്രമീകരിക്കുന്നതിലൂടെയും സ്റ്റാർ റേറ്റിംഗുള്ള മോട്ടോർ പമ്പുകൾ ഉപയോഗിക്കുന്നതിലൂടെയും ഇ-വാഹനങ്ങളിലേക്ക് മാറുന്നത് വഴിയും നമുക്ക് ധാരാളം ഊർജ്ജം ലാഭിക്കാൻ കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.
കാർബോറണ്ടം യൂനിവേഴ്‌സൽ ലിമിറ്റഡ്,ഇലക്ട്രോ മിനറൽ ഡിവിഷൻ എറണാകുളം (വൻകിട ഊർജ്ജ ഉപഭോക്താക്കൾ), ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് (ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ),റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് കൊല്ലം (ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ), കെ-ഡിസ്‌ക് (കെട്ടിടങ്ങൾ), എസ്.എച്ച് കോളജ് തേവര (സംഘടനകൾ/സ്ഥാപനങ്ങൾ), ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം (ഊർജ്ജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ) എന്നീ സ്ഥാപന പ്രതിനിധികൾ മുഖ്യമന്ത്രിയിൽ നിന്നും ഊർജ സംരക്ഷണ അവാർഡുകൾ സ്വീകരിച്ചു.
There are no comments at the moment, do you want to add one?
Write a comment