Asian Metro News

അതിദാരിദ്ര ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും: മന്ത്രി

 Breaking News
അതിദാരിദ്ര ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും: മന്ത്രി
December 09
11:28 2022

അതിദാരിദ്ര ലഘൂകരണ പരിപാടിയിലെ ഹ്രസ്വ കാല പദ്ധതികൾ 2023 ജനുവരി മാസത്തിനുള്ളിൽ പൂർത്തായാക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതയോഗത്തിലാണ് തീരുമാനം.

ആദ്യഘട്ടത്തിൽ റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ആരോഗ്യ ഇൻഷുറൻസും ക്ഷേമപെൻഷനും ലഭ്യമാക്കാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. റേഷൻ കാർഡില്ലാത്ത 7316 കുടുംബങ്ങളിൽ 2516 കുടുംബങ്ങൾക്ക് ഇതിനകം ബിപിഎൽ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്. 2586 അപേക്ഷകൾ പരിഗണനയിലാണ്. അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 14,618 പേർക്ക് ഇതിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്. 22,233 പേരെ ആരോഗ്യ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചു. വീടില്ലാത്ത അതിദരിദ്രരെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി മുൻഗണനാ ക്രമപ്രകാരം വീട്  നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ഷെൽട്ടർ ഹോമിലേക്ക് മാറ്റേണ്ടവരായി നിശ്ചയിച്ച 1875 പേരിൽ 194 പേരെ ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തിനെയും അതിദാരിദ്രത്തിൽ നിന്നു മോചിപ്പിക്കാൻ വിപുലമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്, പദ്ധതിയുടെ ഏകോപനത്തിനായി പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ഏകോപനയോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.

രാജ്യത്തിനു മാതൃകയാകുന്ന രീതിയിൽ കേരളം അതിദരിദ്രം തുടച്ചുനീക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള പിന്തുണാ സംവിധാനമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഒരുക്കി നൽകുന്നത്. ഇതിനായി പഞ്ചായത്ത്/നഗരസഭാ തലം വരെയുള്ള പരിശീലന പരിപാടികൾ കിലയുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. കുടുംബശ്രീയും പദ്ധതിയുടെ നിർവഹണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. സംസ്ഥാനത്താകെ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതിൽ  40,000 എണ്ണം ഒറ്റയംഗ കുടുംബങ്ങളാണ്. നാല് വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള  മേരി ജോസഫ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment