Asian Metro News

2040 ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി

 Breaking News

2040 ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി

2040 ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി
December 08
10:49 2022

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള ഇനിഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന പാർട്ണേഴ്സ് മീറ്റ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതുക്കിയ കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2.0 (എസ്.എ.പി.സി.സി.) പ്രകാശനം ചെയ്തു. 2040ൽ സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമായും കേരളം മാറുമെന്നു സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയുമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ചുഴലിക്കാറ്റിലും നിരവധി പേർക്കാണ് വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടത്. ഇവർക്കാകട്ടെ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന ഘടകങ്ങളിൽ കുറഞ്ഞ പങ്കാണുള്ളത്. ഈ വസ്തുത പൂർണമായി അംഗീകരിക്കുകയും ഇവർക്കു കാലാവസ്ഥാ നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന ആശയമാണു കേരളം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

പുനരുപയോഗ ഊർജ അധിഷ്ഠിതവും നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമായുമുള്ള മാറ്റത്തിലേക്കു സമഗ്രവും സുസ്ഥിരവുമായ വികസന ആശയങ്ങളാണു കേരളം നടപ്പാക്കുന്നത്. സീറോ എമിഷൻ മൊബിലിറ്റി നയത്തിൽ ഹൈഡ്രജൻ പവേഡ് മൊബിലിറ്റി ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള നയരൂപീകരണത്തിനും സഹകരണം ഉറപ്പാക്കുന്നതിനുമായി കേരള ഹൈഡ്രജൻ ഇക്കോണമി മിഷൻ രൂപീകരിച്ചിട്ടുണ്ട്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളിൽ ഹരിത ഹൈഡ്രജൻ ഉത്പാദനം നിർണായകമാണ്. നീതി ആയോഗിന്റെ സ്റ്റേറ്റ് എനർജി ക്ലൈമറ്റ് ഇൻഡക്സിൽ ഏറ്റവും മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത് കാർബൺ ന്യൂട്രാലിറ്റിക്കായി നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ്. ക്ലീൻ എനർജി സംരംഭങ്ങൾ, ഊർജ കാര്യക്ഷമത, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവുമായി ബന്ധപ്പെട്ട സൂചകങ്ങളിലും മികച്ച പ്രകടനമാണു കേരളം കാഴ്ചവച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment