കായികമേള സമ്മാനിക്കുന്നത് ലോകോത്തര നിലവാരമുള്ള താരങ്ങളെ-മുഖ്യമന്ത്രി

ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമതു സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക പരിപാടികളിലൂടെ വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10 മുതൽ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്ബോൾ പരിശീലനം നൽകും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂൾതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി ചേർന്ന് 5000 വിദ്യാർഥികൾക്ക് അത്‌ലറ്റിക് പരിശീലനം നൽകും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളിൽ സ്പ്രിന്റ് എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
കണ്ണൂർ സ്പോർട്സ് ഡിവിഷൻ മാതൃകയിൽ കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്പോർട്സ് സ്‌കൂളായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചു വരികയാണ്. കായിക ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ മൂന്നു ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുന്നതിൽ രണ്ടെണ്ണം പെൺകുട്ടികൾക്ക് മാത്രമായുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment