ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ ഹാർമണീസ് ഉൾപ്പെടെ ബേലാ താറിന്റെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിൽ ആദ്യമായെത്തുന്ന ബേലാ താറിന് ഡിസംബർ 16 ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബേലാ താറിന്റെ ചലച്ചിത്ര ജീവിതത്തെ അടിസ്ഥാനമാക്കി സി.എസ് വെങ്കിടേശ്വരൻ എഴുതിയ ‘കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ’ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.
ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബർ ഒൻപതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും.
ദാർദൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെൽജിയൻ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടന്ന കാൻ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75 ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.
അന്താരാഷ്ട് മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. സർറിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയൻ- ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി, കാൻ മേളയിൽ രണ്ട് തവണ പാം ദി ഓർ നേടുക എന്ന അപൂർവ ബഹുമതിയുള്ള സെർബിയൻ സംവിധായകൻ എമിർ കസ്തുറിക്ക, ജർമൻ സംവിധായകൻ എഫ്.ഡബ്ല്യു മുർനോ എന്നിവരുടെ വിഖ്യത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് സമകാലിക മലയാള സിനികൾ ഇടം നേടിയിട്ടുണ്ട്. തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റായ ജോണി ബെസ്റ്റാണ് നിശബ്ദ ചിത്രങ്ങളുടെ പ്രദർശനത്തിന് തത്സമയ പശ്ചാത്തല സംഗീതം നൽകുന്നത്.
പുനരുദ്ധരിച്ച ക്ലാസിക് സിനിമകളുടെ വിഭാഗത്തിൽ ജി.അരവിന്ദന്റെ തമ്പ് പ്രദർശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച സ്വയംവരത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനവുമുണ്ടാകും. സംവിധായകൻ അടൂർ ഗോപാലകൃഷണനെ ചടങ്ങിൽ ആദരിക്കും.
ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ഇറാനിയൻ ചലച്ചിത്രകാരി മെഹ്നാസ് മുഹമ്മദിക്ക് നൽകും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവുമാണ് അവാർഡ്.
മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ സംഘടിപ്പിക്കും. മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ ‘അനർഘനിമിഷം’, അനശ്വര നടൻ സത്യന്റെ 110 ാം ജന്മവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 20 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ നിന്നുള്ള 110 ചിത്രങ്ങൾ ശേഖരിച്ച് ആർ.ഗോപാലകൃഷണൻ തയ്യാറാക്കിയ ‘സത്യൻ സ്മൃതി’ എന്നിവയും പ്രദർശിപ്പിക്കും.
മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവർസേഷൻ, ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം തുടങ്ങിയ പരിപാടികളും മേളയിലുണ്ടാകും. കൂടാതെ മുഖ്യവേദിയായ ടാഗോർ തിയ്യേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒൻപതിന് കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.