വീടുകളിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ പുനലൂർ പോലീസിന്റെ പിടിയിൽ

പുനലൂർ: മാരകയുധങ്ങളുമായി നിരവധി വീടുകളിൽ കയറി അക്രമം നടത്തുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. 13 ന് രാത്രിയിൽ ആയിരുന്നു സംഭവം. പുനലൂർ മുസവാരിക്കൂന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം മുസാവാരിക്കൂന്ന്, തെങ്ങുംതറ, മന്ത്രംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് വീടുകളിൽ രാത്രിയിൽ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മുസാവാരിക്കൂന്ന് സ്വദേശി അയ്യപ്പനും സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബാഗങ്ങൾക്കും വെട്ടേറ്റിരുന്നു. തുടർന്ന് ഈ ക്രിമിനൽ സംഘം വാഹനങ്ങളിൽ സഞ്ചരിച്ച് തെങ്ങുംതറയിലും മന്ത്രംമുക്കിലും വീടുകളിൽ അക്രമം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് 14 ന് വെളിപ്പിന് 2 മണിയോടെ സ്ഥലത്ത് വൻ പോലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു. അക്രമം നടത്തിയ സംഘം ഒളിവിൽ പോയതിനെ തുടർന്ന് കൊല്ലം റൂറൽ എസ് പി കെ ബി രവിയുടെ നിർദേശാനുസരണം പുനലൂർ പോലിസ് ഇൻസ്‌പെക്ടർ ടി രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, കൃഷ്ണകുമാർ,ഷിബു കുളത്തുമൺ, എ എസ് ഐ കിഷോർ കുമാർ, എസ് സി പി ഒ ഷിജുകുമാർ, സി പി ഒ മാരായ രാകേഷ് ബാബു, പ്രവീൺ, ഗിരീഷ്, മഹേഷ്, അജീഷ് എന്നിവർ വിവിധ സംഘങ്ങൾ ആയി നടത്തിയ അന്വേഷണത്തിലാണ് വള്ളക്കടവ് ചരുവിള പുത്തൻ വീട്ടിൽ മഹേശ്വരൻ(22), പുനലൂർ നേതാജി മുഹമ്മദ് മൻസിലിൽ മുഹമ്മദ് അൻസിൽ (18)എന്നിവർ പിടിയിലായത്. പിടിയിലായ ഇരുവരും പോക്സോ, കഞ്ചാവ് കേസുകളിലെ പ്രതികൾ ആണ്. ഇനിയും ഈ സംഭവങ്ങളിൽ 5ഓളം പ്രതികളെ പിടികൂടാനുണ്ട്. പുനലൂർ മുസാവാരിക്കൂന്ന് അലുവാ കോളനിയിലെ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസിന്റെ നേതൃത്തിലുള്ള ക്രിമിനൽ സംഘം ആണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമണം നടത്തിയത്. പിടിയിലായ അൻസൽ ഷാനവാസിന്റെ സഹോദരീ പുത്രനും വിവിധ കേസുകളിലെ പ്രതിയും ആണ്. ഇരുപത്തിയഞ്ചിലധികം കേസുകളിൽ പ്രതിയായ ഷാനവാസ് കാപ്പ നിയമത്തിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ബാക്കി ഉള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment