കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കൊല്ലം വടക്കേവിള അയത്തിൽ നേതാജി നഗർ 119 ൽ ചരുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധിൻ (27), മുളവന പാട്ടമുക്ക് ശിവ ക്ഷേത്രത്തിന് സമീപം ഷീജാ ഭവനിൽ സുധി എന്ന് വിളിക്കുന്ന സുജീഷ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുണ്ടറ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, എസ്.ഐ സിജിൻ മാത്യു, എസ്.ഐ വിശ്വനാഥൻ, എ.എസ്.ഐ. സതീശൻ, സി.പി.ഓ അൻസർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളായ എം.ഡി.എം.എ. ലഹരി ഗുളികകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ യുടെ ഉപയോഗം കേന്ദ്രീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി കുണ്ടറ ഐ.എസ്.എച്ച്.ഒ മഞ്ജുലാൽ അറിയിച്ചു.