കടയ്ക്കൽ – കോട്ടക്കൽ/ മണ്ണൂർ എന്ന സ്ഥലത്ത് മക്കാട്ട് ഓഡിറ്റോറിയത്തിനു സമീപം കണ്ണമത്ത് വീട്ടിൽ പത്തിരി ബിജു എന്ന് വിളിക്കുന്ന ബിജുവിനെ (44) കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ബിജുവും, ബിജുവിന്റെ അമ്മയായ മറിയാമ്മയും താമസിച്ചുവന്ന വീടിനാണ് പ്രതി തീവെച്ചത്. (11.01.2022) വൈകിട്ട് അഞ്ചുമണി കഴിഞ്ഞ സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോർച്ച തടയുന്നതിനായി വീടിന്റെ വടക്കുഭാഗം മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പ്രതി ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് പ്രതിയുടെ അമ്മ വിലക്കിയതിലുള്ള വിരോധത്താൽ ആണ് പ്രതി വീടിന് തീ വെച്ചത്. ബിജുവിന്റെ അമ്മയുടെ പരാതിയെ തുടർന്ന് കടയ്ക്കൽ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടയ്ക്കൽ സ്റ്റേഷനിലെ മറ്റ് 6 കേസ്സുകളിലെ പ്രതി കൂടിയാണ് ബിജു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
