പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. ജനുവരി 1 ന് രാവിലെ 9 മണിക്ക് പി എം ജിയിലെ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം.
ഇ-ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ്വെയര് ഐ.ടി മിഷന് മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളില്‍ നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്.
12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന് ഓഫീസുകളിലും 206 സബ്-ഡിവിഷന് ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എന്‍ നെറ്റ്വര്‍ക്ക് വഴിയോ കെ-സ്വാന് വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയറില് 6900 ല്‍ പരം ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ-മെയില്‍ ഐ.ഡിയും നല്കി. ഫയലുകളില്‍ അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
There are no comments at the moment, do you want to add one?
Write a comment