കൊട്ടാരക്കര : ഗ്യാസ് വിതരണം തടസ്സപ്പെടുത്തി. കൊട്ടാരക്കര ഓറിയന്റ് ഗ്യാസ് ഏജൻസിയിലെ ഒരു വിഭാഗം തൊഴിലാളികൾ എ ഐ ടി യു സി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി രണ്ടു ദിവസമായി ഏജൻസിയിൽ നിന്നുള്ള സിലിണ്ടർ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഓണം പ്രമാണിച്ച് നൽകേണ്ട ഉൽസവബത്ത നൽകിയില്ല എന്നാരോപിച്ച് ആരംഭിച്ച സമരത്തിന്റെ ഭാഗമായി ഗോഡൗൺ തുറക്കാൻ അനുവദിക്കാതെ വന്നിരിക്കുന്നതിനാൽ കലയപുരം ആശ്രയ, കൊട്ടാരക്കര ജൂബിലി മന്ദിരം തുടങ്ങിയ അഗതി മന്ദിരം, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിലും, സബ് ജെയിൽ, ഇ എസ് ഐ മുതലായ സർക്കാർ അധീനതയിലുള്ള സ്ഥാപനങ്ങളിലും, ഓണക്കാലത്ത് ഗാർഹിക ഉപഭോക്താക്കൾക്കും ഗ്യാസ് വിതരണം തടസ്സപ്പെട്ടു. കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, യൂണിയൻ ഓഫീസിൽ ബന്ധപ്പെട്ട് വിതരണം പുനരാരംഭിക്കാൻ നിർദ്ദേശം നൽകുകയാണുണ്ടായത്. അപ്രകാരം ബന്ധപ്പെട്ടെങ്കിലും ഏജൻസി വാഹനത്തിൽ വിതരണം നടത്താൻ അനുവദിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഈ സ്ഥിതി തുടർന്നാൽ അഗതി മന്ദിരങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗ്യാസ് വിതരണം തടസ്സപ്പെടും. യൂണിയന്റെ അവകാശവാദം അംഗീകരിക്കാൻ സാധിക്കുകയില്ല എന്നും, ഏജൻസിയിൽ ജോലി ചെയ്തു വരുന്ന അർഹതയുള്ള എല്ലാ തൊഴിലാളികൾക്കും ഉൽസവ ബത്ത ബാങ്ക് അക്കൗണ്ടിൽ നൽകിയിട്ടുണ്ട് എന്നും ഏജൻസി അറിയിച്ചു.
