Asian Metro News

കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

 Breaking News

കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി
August 18
15:01 2021

ആഗോളതലത്തിൽ കോവിഡ് മഹാമാരിയെ നേരിടാൻ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രാദേശിക സർക്കാരുകളെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾ ലോകം ചർച്ച ചെയ്തു. പ്രാദേശിക സമ്പദ്ക്രമം ആഗോളതലത്തിൽ ചർച്ചയായി മാറി. കോവിഡിന്റെ ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണർത്താനുമുള്ള ഇടപെടലുകൾ പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള വലിയ ദൗത്യമാണ്. കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല ബാധിച്ചത്. ദുരന്തങ്ങൾ വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ കാഠിന്യം കുറയ്ക്കാൻ പ്രാദേശികമായ ഇടപെടലുകളിലൂടെ സാധിക്കും.

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ആരംഭിച്ചപ്പോൾ മുന്നോട്ടുവെച്ച പ്രാദേശിക വികസനമെന്ന ലക്ഷ്യത്തിൽ നിന്നും കൂടുതൽ വിപുലമായി ചിന്തിക്കാനും ആസൂത്രണം നടത്താനും സാധിക്കുന്ന വിധത്തിൽ നമ്മുടെ പ്രാദേശിക സർക്കാരുകൾ വളർന്നിട്ടുണ്ട്. ആ ശാക്തീകരണത്തിന്റെ ഭാഗമായാണ് മഹാപ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഏകോപനത്തിൽ പ്രാദേശിക സർക്കാരുകൾക്ക് സാധിച്ചത്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകൾ നൽകുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്കായത് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളർത്തിയെടുത്ത ജനകീയ പിൻബലവും, അവരിൽ ജനങ്ങൾക്കുള്ള ഉയർന്ന വിശ്വാസവും മൂലമാണ്.

സംസ്ഥാനം സാമൂഹിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് സുസ്ഥിരവികസനത്തിന്റെ പാതയിലേക്ക് കുതിക്കേണ്ട പദ്ധതികൾക്കാണ് പതിനാലാം പദ്ധതിയിൽ ഊന്നൽ നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശാലമായ കാഴ്ചപ്പാടോടുകൂടി നഗരാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഇടപെടലാണ് നമുക്കാവശ്യം. സംയോജിത വികസന പ്രോജക്ടുകൾ നടപ്പിലാക്കാൻ സാധിക്കണം. പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതൽ ചെറുകിട സംരംഭങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കാനുതകുന്ന ഉത്പാദനമേഖലകൾ വളർത്തിയെടുക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ബോധപൂർവം ഉപയോഗപ്പെടുത്തണം. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യാ പ്രയോഗങ്ങളും നാടിന്റെ വികസന പ്രശ്‌നങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്താൻ മറ്റാരേക്കാളും അവർക്ക് കഴിയും. ഗ്രാമസഭകൾ മുതൽക്കിങ്ങോട്ട് യുവജന പങ്കാളിത്തം ഉറപ്പിക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാവണം. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തണം. വീടുകളിൽ ഇരുന്നുതന്നെ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പലതും ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടിയവയാണ്. എന്നാൽ, അവിടങ്ങളിലെ സേവനങ്ങൾ മികച്ചതാണോ എന്നത് സംബന്ധിച്ചുള്ള സോഷ്യൽ ഓഡിറ്റിംഗ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ അർത്ഥവത്താണ്. ഓരോ മേഖലയ്ക്കും ഗുണമേൻമാ സൂചികകൾ നിജപ്പെടുത്തുകയും വേണം. ആ നിലയ്ക്ക് ഒരു ഗുണമേ•ാ പരിശോധന ആലോചനയിലുണ്ട്.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീർത്തട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കണം. വകുപ്പുകളുടെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും വേണം. ഹരിതകേരളത്തെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുണ്ട്. ലൈഫ് ഭവനങ്ങൾക്കായി കൂടുതൽ സ്‌പോൺസർഷിപ്പ് സമാഹരിക്കേണ്ടതുണ്ട്. കൂടുതൽ സംരംഭകർ വരുമ്പോൾ ആകർഷകമായ സൗകര്യങ്ങൾ ഒരുക്കണം. സാങ്കേതികത്തികവോടുകൂടിയ വിവര-വിതരണ ശൃംഖലകളും തീർക്കണം. നിയമങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിനൊപ്പം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും നിയമസാക്ഷരത നൽകുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണം. ജനങ്ങൾക്കുള്ള നിയമ ബോധവൽക്കരണവും ഇതിന് സമാന്തരമായി സംഘടിപ്പിക്കണം. സ്ത്രീപക്ഷ വികസന പ്രക്രിയയെ മുഖ്യധാരയിലേക്ക് ഉയർത്തുവാനുള്ള ക്രിയാത്മകമായ നടപടികൾ ആവശ്യമാണ്. പട്ടികജാതി- പട്ടിവർഗ വിഭാഗങ്ങളടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് വികസനത്തെ അഭിമുഖീകരിക്കാൻ പതിനാലാം പദ്ധതികാലത്ത് സാധിക്കണം.

ധനകാര്യവർഷം തുടങ്ങാറാവുമ്പോൾ തിടുക്കപ്പെട്ട് നടത്തേണ്ട പ്രക്രിയയായി ആസൂത്രണത്തെ കാണരുത്. ഓരോ തദ്ദേശഭരണ പ്രദേശത്തും നാടിന്റെ വികസനത്തേയും പൊതുനൻമയേയും കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മ ഉണ്ടാവണം.

കേരളത്തിന്റെ തൊഴിൽശക്തിയുടെ ഒമ്പത് ശതമാനം പേർ തൊഴിൽരഹിതരാണ്. നമ്മുടെ ജനസംഖ്യയുടെ 52 ശതമാനം വനിതകൾ ആണ്. അവരുടെ തൊഴിൽസേനാ പങ്കാളിത്ത നിരക്ക് 24.6 ശതമാനം മാത്രമാണ്. തൊഴിൽരഹിതരായ യുവജനങ്ങളും സംസ്ഥാനത്ത് ഏറെയുണ്ട്. വർഷാവർഷം തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിച്ചിറങ്ങിയ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം വേറെയും. ഈ തൊഴിൽശക്തിയെ പൂർണമായും ഫലപ്രദമായും വിനിയോഗിക്കുന്നതിനുള്ള പ്രാദേശിക സാധ്യതകൾ കണ്ടെത്തേണ്ടതുണ്ട്. കാർഷികമേഖല അടക്കമുള്ള ഉൽപ്പാദന മേഖലകളിലും വ്യവസായ, സേവന മേഖലകളിലും സ്റ്റാർട്ടപ്പുകൾ മുഖേനയുമൊക്കെ തൊഴിൽ സൃഷ്ടിക്കാനാവും. പുതിയ സാധ്യതകൾ സൃഷ്ടിക്കുവാനുള്ള ശ്രമം ഉയർന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയ്‌ക്കോ, സംസ്ഥാനത്തിനാകെ തന്നെയോ ഗുണം ലഭിക്കുന്ന സംയോജന സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താൻ പ്രാദേശിക സർക്കാരുകൾ ശ്രമിക്കണം. ദീർഘകാല ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുമ്പോൾ ആവശ്യമായ പിന്തുണ സർക്കാർ നൽകും. വ്യവസായം, കൃഷി, ഉൽപ്പാദനം, ടൂറിസം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനസൗകര്യ മികവിനും സംയോജനത്തിനും സാധ്യതയുള്ള പദ്ധതികളുമായി പ്രാദേശിക സർക്കാരുകൾ മുന്നോട്ടുവരണം. ഇതിനാവശ്യമായ പിന്തുണ ജില്ലാ ആസൂത്രണ സമിതികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകാനായി ജില്ലാ റിസോഴ്‌സ് സെന്ററുകളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ജനകീയാസൂത്രണ പദ്ധതികളുടെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന് സാമൂഹ്യ പാർപ്പിട പദ്ധതിയുടേതാണ്. സ്വന്തമായി വീടില്ലാത്ത ഒരാൾ പോലും സംസ്ഥാനത്തുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലൈഫ് പാർപ്പിട പദ്ധതിയുടെ ഭാഗമായി മാത്രം രണ്ടര ലക്ഷം വീടുകളാണ് പുതുതായി നിർമ്മിച്ചത്. ഈ പദ്ധതി തുടരുകയാണ്. പ്രാദേശിക വികസനത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ മറ്റൊരു മേഖലയാണ് ഗ്രാമീണ കുടിവെള്ള വിതരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പദ്ധതി വളരെയധികം മുന്നോട്ടുകൊണ്ടുപോകാനായി. ഏറെ താമസിയാതെ മുഴുവൻ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറും. അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ശ്രദ്ധേയമായ മറ്റൊരു നേട്ടം കുടുംബശ്രീയുടെ രൂപീകരണവും വളർച്ചയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്പീക്കർ എം.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ, എം. എൽ. എമാർ, മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടും ഓൺലൈനിലുമായി പരിപാടിയിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment