സ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന ‘കനൽ’ എന്ന പേരിലുള്ള കർമ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് നാം. ഓരോ പെൺകുട്ടിക്കും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും ആ മേഖലയിൽ അറിവ് സമ്പാദിക്കാനും തൊഴിൽ നേടാനുമുള്ള അവസരങ്ങൾ സർക്കാർ തന്നെ പരമാവധി നൽകുന്നുണ്ട്. അതേസമയം, വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരുള്ള നാടായിട്ടുകൂടി ഇവിടെ ഇപ്പോഴും സ്ത്രീധനപീഡനങ്ങൾ നടക്കുന്നു എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനിതാ-ശിശു വികസന വകുപ്പ് ‘കനൽ’ എന്ന കർമ്മ പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.