യാത്രി ആപ്പ് അടുത്തയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയില്‍ പുറത്തിറക്കും.എല്ലാ ഗതാഗത ആപ്പുകളെയും ബന്ധിപ്പിക്കുന്ന ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കിലേക്ക് മാറാന്‍ കേരളവും ഒരുങ്ങുന്നു. ഗതാഗതത്തിനായുള്ള ഏതെങ്കിലും ഒരു ആപ്പിലൂടെ മുഴുവന്‍ ഗതാഗത സംവിധാനവും ഉപയോഗിക്കുന്ന ഈ പദ്ധതി, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന് നിലേകനിയുടെ ബെക്കന്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. കൊച്ചി മെട്രോപൊളിറ്റന്‍ അതോറിറ്റിക്ക് (കെ.എം.ടി.എ.) കീഴിലാകും ഇത്. ടാക്സി ഡ്രൈവര്‍മാര്‍ക്കായി തയ്യാറാക്കിയ ‘യാത്രി’ ആപ്പിലൂടെയാകും തുടക്കം. ആദ്യഘട്ടത്തില്‍ ഗതാഗത സംവിധാനം മാത്രമാണെങ്കിലും പിന്നീട് വിവധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ലോജിസ്റ്റിക്സ് ഉള്‍പ്പടെ ഇതിലേക്ക് സംയോജിപ്പിച്ചേക്കും. മെട്രോറെയില്‍ ഉള്‍പ്പെടെ എല്ലാതരം ഗതാഗതസംവിധാനവും ഉപയോഗത്തിലുണ്ടെന്നതാണ് ബെക്കന്‍ ഫൗണ്ടേഷന് കൊച്ചിയെ തിരഞ്ഞെടുക്കാന്‍ കാരണം.
പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളും ഗതാഗത അനുബന്ധ സേവനദാതാക്കളും ഒരു നെറ്റ്വര്ക്കിന് കീഴില്‍വരും. ബെക്കന്‍ ഫൗണ്ടേഷനു പുറമേ, ജെസ്പേ ടെക്നോളജീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, ഡബ്ല്യു.ആര്.ഐ. ഇന്ത്യ എന്നിവയും കൊച്ചി മെട്രോപൊളിറ്റന്‍ അതോറിറ്റിക്കായി സൗജന്യസേവനം നല്‍കും.
യാത്രി ആപ്പിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിന്റെ (കെ.ഒ.എം.എന്‍.) ആദ്യ പരീക്ഷണം നടക്കുക. ഇതിലേക്ക് കൊച്ചി മെട്രോയുടെ ആപ്പ്, ഓട്ടോറിക്ഷക്കാര്‍ക്കായി തയ്യാറാവുന്ന ‘ഓസാ’ (ഓട്ടോസവാരി) ആപ്പ്, ബസുകള്‍ക്കുള്ള ‘വണ്ടി’ ആപ്പ് എന്നിവ ഇന്റഗ്രേറ്റ് ചെയ്യും. കെഎസ്ആര്‍ടിസി, ജലഗതാഗവകുപ്പിന്റെ ബോട്ടുകള്‍ തുടങ്ങിയവയും ഈ നെറ്റ്വര്‍ക്കുമായി യോജിപ്പിക്കും. യാത്രി ആപ്പ് അടുത്തയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയില്‍ പുറത്തിറക്കും.