യുഎസിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 9 ആയി; കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമി നഗരത്തിൽ 12 നില പാർപ്പിട സമുച്ചയം തകർന്നു കാണാതായ 150 പേർക്കായി തിരച്ചിൽ നാലാം ദിവസത്തിലേക്കു കടന്നു. 9 മരണം സ്ഥിരീകരിച്ചു. ടൺകണക്കിനു കോൺക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇസ്രയേലിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള വിദഗ്ധ സംഘങ്ങളും എത്തി.
മയാമി നഗരത്തിൽ സർഫ്സൈഡിലെ ഷാംപ്ലെയ്ൻ ടവേഴ്സ് സൗത്ത് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തകർന്നത്. 40 വർഷം പഴക്കമുള്ള കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. 130 ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ താമസിക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ ആകെ എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല.
കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. ടൺകണക്കിനു കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ പലരും ജീവനോടെ ശേഷിക്കുന്നുവെന്ന പ്രതീക്ഷയിൽ ശ്രദ്ധാപൂർവമാണു രക്ഷാപ്രവർത്തനം തുടരുന്നത്. ഇടയ്ക്കു പെയ്യുന്ന മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
There are no comments at the moment, do you want to add one?
Write a comment