കൊട്ടാരക്കര : 09.05.2021 ൽ ലോക്ഡൗൺ പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ മുഖ്യ പ്രതിയായ കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അജിത് കുമാർ മകൻ 25 വയസുള്ള അരുൺ അജിത്ത് പിടിയിൽ. 09.05.2021 ഉച്ചക്ക് രണ്ട് മണിയോടുകൂടി കെ.എൽ.11.എ.ജെ-3796 നമ്പർ ഇന്നോവ കാറിൽ കഞ്ചാവുമായി വരവെ പോലീസ് കൊട്ടാരക്കര വച്ച് തടഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളയുകയും പോലീസ് പിന്തുടർന്നതിൽഗോവിന്ദമംഗലം ഡീസന്റ് മുക്ക് ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. ഉപേക്ഷിച്ച കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് കഞ്ചാവ് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന്
വാഹനത്തിന്റെ ഉടമയും വാഹനത്തിൽ ഉണ്ടായിരുന്നതുമായ സൗരവ് എന്നയാളെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ ആൾക്കാർക്ക് ഈ കേസുമായി ബന്ധമുളളതായും അരുൺ അജിത്ത് ആണ് ഈ കേസിലെ മുഖ്യ കണ്ണി എന്ന് കണ്ടെത്തി കൊട്ടാരക്കര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻപ് കെ.എസ്.ആർ.ടി.സി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഇയാൾ പോലീസ് പിടിയിലാകുകയും റിമാന്റ് ആകുകയും ചെയ്തിട്ടുണ്ട്. പ്രതിക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.
