മുംബൈ: ( 12.05.2021) കോവിഡ് രോഗിയായ ഭാര്യയുടെ ഹൃദയഭേദകമായ അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് യുവാവ്. കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റാവിഷ് ചൗളയുടെ ഗര്‍ഭിണിയായ ഭാര്യ ഡിംപിള്‍ അറോറ മരിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെയും ഒരു ദിവസം മുന്നെ ജനിക്കാനിരുന്ന ഞങ്ങളുടെ കുഞ്ഞിനെയും നഷ്ടപ്പെട്ടുവെന്ന് റാവിഷ് ചൗള വേദനയോടെ പറയുന്നു. കൊറോണയെ നിസ്സാരമായി കാണരുതെന്നും കരുതല്‍ വേണമെന്നും റാവിഷ് ചൗളയുടെ ഭാര്യ ഡിംപിള്‍ വിഡിയോയില്‍ വ്യക്തമാക്കുന്നു. ‘കൊറോണയെ നിസ്സാരമായി കാണരുത്.. മോശം ലക്ഷണങ്ങള്‍… എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ആളുകളോട് സംസാരിക്കുമ്ബോള്‍ മാസ്ക് വയ്ക്കൂ… ആരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകരുതെന്നാണ് എനിക്ക് പ്രാര്‍ത്ഥിക്കാനുള്ളത്. മറ്റാര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. നിങ്ങളുടെ വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ നിങ്ങള്‍ നിരുത്തരവാദപരമായി പെരുമാറരുത്. എനിക്ക് ജോലി ചെയ്യണമെന്നുണ്ട്. ഞാന്‍ വളരെ ഊര്‍ജ്ജസ്വലയായിരുന്നു, എന്നാലിപ്പോള്‍ എന്റെ ശരീരം അനുവദിക്കുന്നില്ല…’- ഡിംപിള്‍ വിഡിയോയില്‍ പറയുന്നു.’കോവിഡ് കാരണം എനിക്ക് എന്റെ ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന ഞങ്ങളുടെ കുഞ്ഞിനെയും നഷ്ടപ്പെട്ടു. ഏപ്രില്‍ 26ന് അവള് മരിച്ചു, ഒരു ദിവസം മുന്നെ ഞങ്ങളുടെ ജനിക്കാനിരുന്ന കുഞ്ഞും. ഏപ്രില്‍ 11നാണ് അവള്‍ക്ക് പോസിറ്റീവായത്. അവളുടെ ബുദ്ധിമുട്ടുകള്‍ ഈ വീഡിയോയില്‍ അവള് പറയുന്നുണ്ട്…’ – വിഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഡിംപിള്‍.
