സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്.
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് രണ്ടു ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ. കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിന് നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന് സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.
വ്യാഴാഴ്ച മാത്രം ഏഴായിരത്തോളം പേരിൽ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് എത്തിയത്. എന്നാൽ സംഭാവന നൽകിയവർ, അതിന്റെ രസീത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു തുടങ്ങിയതോടെ, വാക്സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ സംഗതി അതിവേഗം വൈറലാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം വരെ മാത്രം അറുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപ കൂടി എത്തിയതോടെ കേരളത്തിന് വാക്സിൻ വാങ്ങാനുള്ള സഹായപ്രവാഹം ഒരു കോടി കടക്കുകയായിരുന്നു.
വീട്ടുകാർക്കൊപ്പം സൗജന്യ വാക്സീന് എടുക്കുമ്പോൾ രണ്ടു ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ മുന്നോട്ടുവെച്ച സന്ദേശം. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകള്‍ അതേറ്റെടുത്തതോടെ സംഗതി വലിയ വിജയമായി മാറി.
പ്രളയകാലത്ത് ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുജനത്തെ സമീപിച്ചപ്പോഴും വൻതോതിലുള്ള സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിരുന്നു. 4912 കോടി രൂപയായിരുന്നു 2018-19 വര്‍ഷങ്ങളിലായി ദുരിതാശ്വാസ നിധിയിലെത്തിയത്.
കേന്ദ്ര സഹായത്തിന് കാത്തു നിൽക്കാതെ സംസ്ഥാനം സ്വന്തം നിലയിൽ കോവിഡ് വാക്സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാക്സിനേഷനില്‍ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. മേയ് ഒന്ന് മുതല്‍ 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്സിന് നല്‍കും. ഈ ഗണത്തില്‍ 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യങ്ങള്‍ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ദിവസം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ചില ഇടത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. വാക്നിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാന്‍ സാധിക്കു. നിലവില്‍ സ്പോട്ട് രജിസ്ട്രേഷന് നടത്തിയവര്‍ക്ക് വാക്സിന് നല്കാന് ധാരണയായിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിന് എടുക്കേണ്ടവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. വാക്സിന് ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന് സെക്ഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.