12 വയസുള്ള മകൾക്ക് ബോളിവുഡ് സിനിമയിൽ റോൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
വഡോദര: മകൾക്ക് സിനിമയിൽ അവസരം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അമ്മയിൽ നിന്ന് പണം കവർന്നതായി പരാതി. ബോളിവുഡ് സിനിമയിൽ നല്ലൊരു റോള് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് അമ്മയിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയത്. ഗുജറാത്ത് വഡോദരയിലാണ് സംഭവം. വഡോദരയിലെ ശുഭാൻപുര സ്വദേശിനിയായ പ്രേമലത ശർമയാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയ
സിനിമ മേഖലയിൽ മേക്കപ്പ് ആർടിസ്റ്റായി പ്രവർത്തിക്കുന്ന ഭൂമി പഥക്കിനെ കുറച്ച് മാസങ്ങൾക്ക് മുൻപാണ് പരിചയപ്പെട്ടതെന്ന് ഗോർവ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രേമലത ശർമ പറയുന്നു. പ്രേമലതയുടെ 12 വയസുള്ള മകൾക്ക് ബോളിവുഡ് സിനിമയിൽ റോൾ വാങ്ങി നൽകാമെന്ന് പഥക് അവകാശപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ ഒരു സ്റ്റുഡിയോയിൽ നടക്കുന്ന സൗന്ദര്യ മത്സരത്തിൽ മകളെ പങ്കെടുപ്പിക്കാമെന്നും പഥക് പ്രേമലതയെ വിശ്വസിപ്പിച്ചു.
സൗന്ദര്യ മത്സരത്തിൽ വിജയിച്ചാൽ ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്നും പഥക് അറിയിച്ചു. പിന്നീട് 50,000 രൂപ നൽകിയാൽ സിനിമയിൽ അവസരം നൽകാമെന്ന് പഥക് പറയുകയായിരുന്നു. കൈവശമുണ്ടായിരുന്ന 49,000 രൂപ പ്രേമലത പഥക്കിന് കൈമാറി. എന്നാൽ സിനിമയിൽ അവസരം ഒന്നും ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് പ്രേമലത ശർമ മുംബൈയിലെത്തി. അവിടെ വെച്ച് പഥക്കിനെ വീണ്ടും കാണുകയും സുബോധ് കുമാർ എന്നയാളെ പഥക് പ്രേമലതയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സീരിയൽ സംവിധായകൻ എന്നാണ് സുബോധ് കുമാറിനെ പരിചയപ്പെടുത്തിയത്. 12 വയസുകാരി മകൾക്ക് അഭിനയിക്കാൻ അവസരം നൽകാമെന്ന് ഉറപ്പ് നൽകി മൂന്ന് ലക്ഷം രൂപ കൂടി കുമാർ വാങ്ങി. ഏറെ കാത്തിരുന്നിട്ടും യാതൊരു അവസരവും ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കാൻ പ്രേമലത തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഗോർവ പൊലീസ് സ്റ്റേഷനിലെത്തി പ്രേമലത ശർമ പരാതി നൽകി. ഭൂമി പഥക്കും സുബോധ് കുമാറും ചേർന്ന് 3.52 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.