Good Friday | പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികൾ ഇന്നു ദുഖവെള്ളി ആചരിക്കുന്നു

40 ദിവസം നീളുന്ന ക്രൈസ്തവരുടെ നോമ്പ് അവസാനിക്കുന്നതും ദുഃഖവെള്ളിയിലാണ്. മാർച്ച് 29 ന് ആരംഭിക്കുന്ന വിശുദ്ധ വാരത്തിന് ഏപ്രിൽ അഞ്ചാം തീയതി ഈസ്റ്ററോടെ പരിസമാപ്തിയാകുന്നു.
തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും നടക്കുന്നു. 40 ദിവസം നീളുന്ന ക്രൈസ്തവരുടെ നോമ്പ് അവസാനിക്കുന്നതും ദുഃഖവെള്ളിയിലാണ്. മാർച്ച് 29 ന് ആരംഭിക്കുന്ന വിശുദ്ധ വാരത്തിന് ഏപ്രിൽ അഞ്ചാം തീയതി ഈസ്റ്ററോടെ പരിസമാപ്തിയാകുന്നു.
യേശു ദേവൻ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും വിശ്വാസികൾ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday) എന്നു വിളിക്കുന്നു.
ദുഃഖവെള്ളിയാഴ്ച ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ഗുഡ് ഫ്രൈഡേ എന്ന പേരിലാണ്. യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ പുതുക്കുന്ന ദിനത്തിന് ഗുഡ് ഫ്രൈഡേ എന്ന് പേര് വന്നതെങ്ങനെ എന്ന് നിങ്ങളിൽ ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാവും. പ്രത്യക്ഷത്തിൽ വിരോധാഭാസമായി തോന്നാവുന്ന ഈ പേരിന് പിന്നിലെ കാരണമെന്താണെന്ന് നമുക്ക് ഒന്ന് അന്വേഷിക്കാം.
ഗുഡ് ഫ്രൈഡേ എന്ന വാക്കിന്റെ ആദ്യകാല ഉപയോഗം കണ്ടെത്തിയിട്ടുള്ളത് 1290-ൽ നിന്നുള്ള ‘കൃതിയായ ദി സൗത്ത് ഇംഗ്ലീഷ് ലെജൻഡറി’യിലാണ് എന്ന് ബി ബി സി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. 1885 മുതൽ 1960 വരെ യു എസ് കത്തോലിക്കാ സ്കൂളുകളിലെ അടിസ്ഥാന പാഠമായിരുന്ന ‘ബാൾട്ടിമോർ കറ്റെക്കിസം’ എന്ന പുസ്തകം പ്രകാരം ക്രിസ്തു മാനവരാശിയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹം വെളിപ്പെടുത്തുകയും എല്ലാവരുടെയും അനുഗ്രഹാശിർവാദങ്ങൾക്ക് പാത്രമാവുകയും ചെയ്ത ദിവസം എന്ന നിലയ്ക്കാണ് ഗുഡ് ഫ്രൈഡേ നല്ലതാകുന്നത് എന്ന് സൂചിപ്പിക്കുന്നു.
അതേസമയം 1907-ലെ കത്തോലിക്കാ സർവവിജ്ഞാനകോശം ഗുഡ് ഫ്രൈഡേയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങളിൽ വ്യക്തത ഇല്ലെന്നാണ് സൂചിപ്പിക്കുന്നത്. ഗോഡ്സ് ഫ്രൈഡേ എന്ന പൂർവനാമത്തിൽ നിന്ന് ഉടലെടുത്തതാവാം ഗുഡ് ഫ്രൈഡേ എന്ന് ചിലർ കരുതുന്നു. ഗ്രീക്കിൽ ‘ദി ഹോളി ആൻഡ് ഗ്രേറ്റ് ഫ്രൈഡേ’ എന്നും റോമൻ ഭാഷയിൽ ‘ഹോളി ഫ്രൈഡേ’ എന്നുമാണ് ഈ ദിവസം അറിയപ്പെടുന്നത് എന്നും ചില സ്രോതസ്സുകളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ദുഃഖവെള്ളി ദിനത്തിൽ പല വിധത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും നടക്കാറുണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവുമുണ്ട്. കത്തോലിക്ക സഭയുടെ ആചാരങ്ങളിൽ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള ‘കുരിശിന്റെ വഴി’ ഈ ദിവസത്തെ ആചാരങ്ങളിൽ മുഖ്യമായതാണ്. കേരളത്തിൽ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.
ഈസ്റ്ററാണ് ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയെ ആഘോഷിക്കുന്ന ദിവസമാണ് അത്. ബൈബിൾ പ്രകാരം ഈ ദിവസം യേശു ക്രിസ്തു ഉയിർത്തെഴുന്നേൽക്കുകയും ജീവിതത്തിലേക്ക് മടങ്ങിവരികയുംചെയ്തു. ആധുനിക കാലഘട്ടത്തിൽ ഈസ്റ്ററിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. ഈസ്റ്ററുമായി ബന്ധപ്പെട്ട ഗിഫ്റ്റുകളും മറ്റു ഉത്പന്നങ്ങളും മാർക്കറ്റുകളിലും മാളുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക. പഴയ ഇംഗ്ലീഷിലെ ‘eastre’ എന്ന വാക്കിൽ നിന്നാണത്രെ ഇപ്പോഴത്തെ ഈസ്റ്റർ ഉടലെടുത്തത്. വസന്തകാലത്തെഒരു ഉത്സവത്തിന്റെപേരായിരുന്നു അത്.
Good Friday, Christ, Easter, Resurrection, Christians, ദുഃഖവെള്ളി, ക്രിസ്തു, ഈസ്റ്റർ, ഉയിർത്തെഴുന്നേൽപ്പ്, ക്രൈസ്തവർ
There are no comments at the moment, do you want to add one?
Write a comment