പാലക്കാട്/തൃത്താല: “ജലമാണ് ജീവൻ’ എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നിയുവജന സംഘം (എസ് വൈ എസ്) മെയ് 31 വരെ നടത്തുന്ന ജലസംരക്ഷണ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കുമ്പിടി കാങ്കപ്പുഴ കടവിൽ നടന്നു.നിള ശുചീകരിച്ചാണ് രണ്ട് മാസം നീണ്ടുനില്ക്കുന്ന ക്യാമ്പയിന് തുടക്കമായത്. പരിസ്ഥിതി പ്രവർത്തകൻ വനമിത്ര മോഹൻദാസ് ഇടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സാമൂഹികം സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ വിഷയാവതരണം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷബീർ, ഡോ, വി പി റൈഹാൻ, അബ്ദുൽ ജലീൽ അഹ്സനി ആലൂർ, സ്വഫ്വാൻ റഹ്മാനി ഒതളൂർ , അബ്ദുറസാഖ് കുമ്പിടി, ശരീഫ് നുസ് രി, അബ്ദുൽ റഷീദ് ബാഖവി കുമ്പിടി,യു. എ റഷീദ് അസ്ഹരി,നവാസ് കൂറ്റനാട്, ഉനൈസ് സഖാഫി കൂടല്ലൂർ സംബന്ധിച്ചു.
ഭാരതപ്പുഴ ഉൾപ്പെടെ ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കാൻ ആവശ്യമായ നടപടികൾ എടുക്കുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുവാനും ഭാരതപ്പുഴ മാലിന്യമുക്ത മായി സംരക്ഷിക്കുന്നതിന് നിരന്തര സന്ദർശനത്തിനും സ്ക്വാഡ് പ്രവർത്തനങ്ങൾക്കും ചടങ്ങിൽ അന്തിമ രൂപം നൽകി. ശുചീകരണ ത്തോടനുബന്ധിച്ച് കടവിന്റെ വിവിധഭാഗങ്ങളിലും പുഴയിലും എസ് വൈ എസ് വളണ്ടിയർമാർ നദീസംരക്ഷണ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ എസ് വൈ എസ് ഏറ്റെടുത്ത് നടത്തും. നദികൾ, കായലുകൾ, മറ്റ് ജല സ്രോതസ്സുകൾ എന്നിവയുടെ നീരൊഴുക്ക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനുള്ള ശുചീകരണവും പൊതു ജലാശയ ശുചീകരണവും സോൺ, സർക്കിൾ കമ്മറ്റികളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. തണ്ണീർ പന്തലൊരുക്കാനും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറിൽ വെള്ളമെത്തിക്കാനും എസ് വൈ എസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.