ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്
അഭിനയ വിസ്മയം മോഹൻലാൽ സംവിധായകനായെത്തുന്ന ബറോസിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളത്ത് നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങി താരനിബിഡമായ സദസിലായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബാറോസ്: ഗാർഡ്യൻ ഓഫ് ഡി’ഗാമാസ് ട്രെഷർ’. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. 2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്റെ സ്വപ്നം’- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.
അഭിനയരംഗത്തു നിന്നും സംവിധാന മേഖലയിലേക്ക് ചുവടെടുത്ത് വയ്ക്കുന്ന അവസരത്തിൽ ആരാധകരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,” എന്നായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ വാക്കുകൾ