കൊല്ലം : മോഷണക്കേസിലെ പ്രതിയെ പിടികൂടുവാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്കും പോലീസ് ഉദ്യോഗസ്ഥനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ പോലീസ് സ്റ്റേഷനിൽ നടത്തിയ ചടങ്ങിൽ വെച്ച് റെയിൽവേ പോലീസ് ആദരവ് നൽകി.

റെയിൽവേ പോലീസ് സൂപ്രണ്ട് രാജേന്ദ്രൻ എസ്. ഐ പി എസ് ആണ് ഓട്ടോ ഡ്രൈവർ ലതീഷ്, കോട്ടയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ യേശുദാസ്, ആർ. പി. എഫ് കോൺസ്റ്റബിൾ ജിജോ എന്നിവരെ ആദരിച്ചത്.

മാവേലി എക്സ്പ്രസ്സിൽ ഹരിപ്പാട് വെച്ച് മോഷണം നടത്തിയതിനു ശേഷം ഇറങ്ങി ഓടിയ പ്രതിയെയാണ് ഇവർ കീഴ്പ്പെടുത്തിയത്.
പൊതുജനവും പോലീസും നല്ലകാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കുറ്റകൃത്യങ്ങൾ വളരെയധികം കുറയ്ക്കുവാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ അനുഭവം എന്ന് എസ് പി രാജേന്ദ്രൻ ഐ പി എസ് ചൂണ്ടിക്കാണിച്ചു.

യോഗത്തിൽ അഡ്മിനിസ്ട്രേഷൻ ഡി. വൈ.എസ്. പി. സുഗതൻ വി, എറണാകുളം ഡി.വൈ.എസ്. പി. പ്രശാന്ത്, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി.ജോർജ് ജോസഫ്, തിരുവനന്തപുരം സി. ഐ. ഇഗ്നേഷ്യസ്, എറണാകുളം സി. ഐ. സാം ക്രിസ്പിൻ, ആർ. പി. എഫ്. സി ഐ രജനി നായർ, കൊല്ലം റെയിൽവേ സ്റ്റേഷൻ മാനേജർ ഗോപകുമാർ ജി എന്നിവർ അനുമോദന പ്രസംഗം നടത്തി.