ന്യൂഡൽഹി : ടെലികോം രംഗത്ത് ദീർഘകാലമായി നോട്ടമിട്ടിരുന്ന വൻകുതിപ്പ് ലക്ഷ്യമാക്കി പണം വാരിയെറിഞ്ഞ് അംബാനി. രണ്ട് ദിവസമായി നടന്ന സ്പെക്ട്രം ലേലം അവസാനിച്ചപ്പോൾ സർക്കാരിന് 77815 കോടി രൂപ ലഭിച്ചു. ഇതിൽ 57122 കോടി രൂപയും റിലയൻസ് ജിയോയിൽ നിന്ന്.
ലോകത്തിലെ എട്ടാമത്തെ വലിയ സമ്പന്നനായ മുകേഷ് അംബാനി ടെലികോം രംഗത്ത് ദീർഘകാലമായി നോട്ടമിട്ടിരുന്ന വൻകുതിപ്പ് ലക്ഷ്യമാക്കിയാണ് പണം വാരിയെറിഞ്ഞതെന്ന് വ്യക്തം. എന്നാൽ ആകെ ലേലത്തിൽ വെച്ച 855.60 മെഗാഹെർട്സിൽ 355.45 മെഗാഹെർട്സും സ്വന്തമാക്കിയ എയർടെൽ തങ്ങളാണ് ഒന്നാമതെന്ന് അവകാശപ്പെടുന്നു.
അതേസമയം സ്പെക്ട്രം കുടിശിക അടച്ച് തീർക്കാൻ ബാക്കിയുള്ള വൊഡഫോൺ ഐഡിയ 1993.40 കോടി രൂപയാണ് സ്പെക്ട്രം ലേലത്തിന് ചെലവാക്കിയത്. ഇക്കുറി ലേലത്തിന് വെച്ചിരുന്ന 60 ശതമാനം സ്പെക്ട്രവും വിറ്റുപോയെന്നാണ് ടെലികോം സെക്രടറി അൻഷു പ്രകാശ് വ്യക്തമാക്കിയത്. ഏഴ് ബാന്റുകളിലായി 2308.80 മെഗാഹെർട്സാണ് കേന്ദ്ര ടെലികോം മന്ത്രാലയം ലേലത്തിന് വെച്ചത്. എന്നാൽ ഇവയിൽ 700 മെഗാഹെർട്സ്, 2500 മെഗാഹെർട്സ് ബാന്റുകൾ വിറ്റുപോയില്ല.
രാജ്യത്തെ 22 സർകിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയതായി റിലയൻസ് ജിയോ അറിയിച്ചു. 5ജിക്കായി ഉപയോഗിക്കാവുന്ന സ്പെക്ട്രം പോലും സ്വന്തമാക്കി. 488.35 മെഗാഹെട്സ് സ്പെക്ട്രം വാങ്ങി. പ്രക്ഷേപണപരിധി 55 ശതമാനം വർധിപ്പിച്ച് 1717 മെഗാഹെട്സിൽ എത്തിയെന്ന് ജിയോ അവകാശപ്പെട്ടു.
അഞ്ചു മേഖലകളിലായി 11.8 മെഗാഹെട്സ് സ്പെക്ട്രം സ്വന്തമാക്കിയെന്ന് വൊഡഫോൺ ഐഡിയ വ്യക്തമാക്കി. സബ് ഗിഗാഹെട്സ്, മിഡ്-ബാൻഡ് 2300 മെഗാഹെട്സ് ബാൻഡുകളിലെല്ലാം സ്പെക്ട്രം വാങ്ങിയതോടെ തങ്ങൾക്ക് ഇന്ത്യയിലെമ്പാടും പ്രക്ഷേപണാവകാശം സ്വന്തമായെന്നാണ് എയർടെലിന്റെ അവകാശവാദം. എല്ലാ നഗരത്തിലും കെട്ടിടങ്ങൾക്കുള്ളിലേക്ക് അടക്കം ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി. തങ്ങൾക്ക് ഗ്രാമീണ മേഖലയിലും മികച്ച പ്രകടനം നടത്താനാകുമെന്നും എയർടെൽ അവകാശപ്പെട്ടു.
ടെലികോം വ്യവസായത്തിനു മാറ്റിവെക്കുന്ന റേഡിയോ തരംഗങ്ങളാണ് സ്പെക്ട്രം. എഎം, എഫ്എം റേഡിയോ ബ്രോഡ്കാസ്റ്റ്, മറ്റ് വയർലെസ് വിഭാഗങ്ങളായ വൈ-ഫൈ, ബ്ലൂടുത് തുടങ്ങിയവയും ഉൾപ്പെടും.