കൊച്ചി: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൻറെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. വാഹന സൗകര്യം ഉൾപ്പെടെ സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം നൽകി.
കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയിൽ പറഞ്ഞു. ജസ്നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നുനെന്ന് കേന്ദ്ര സർക്കാരിനായി എഎസ്ജിയും പറഞ്ഞു.
ജെസ്നയുടെ സഹോദരൻ ജയ്സ് ജോൺ, കെഎസ്യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സാധ്യമായ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്.