പിഎസ്സി ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ഗവർണറുമായിയുള്ള കൂടിക്കാഴ്ച ആരംഭിച്ചു

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനും പ്രതിനിധികൾക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ്, സിപിഒ, അദ്ധ്യാപക റാങ്ക് ലിസ്റ്റ് പട്ടികയിലുളളവരുടെ പ്രതിനിധികളാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്.
നിയമനമല്ലെന്ന് സർക്കാർ ഉറച്ച നിലപാടെടുത്തിരിക്കുന്ന സ്ഥിതിയ്ക്ക് ഗവർണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളുടെ തീരുമാനം. പ്രശ്നത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും ഇടപെടൽ സാദ്ധ്യമാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകുമോയെന്നും, സിപിഒ ലിസ്റ്റിൽ നിന്നും പരമാവധി നിയമനം നടത്താനാകുമോ എന്നും ഗവർണറിൽ നിന്ന് അറിയാനാണ് ഇവരുടെ സന്ദർശനം.
അതേസമയം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്ന ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ഇന്ന് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് നടയിൽ മീൻ വിൽപന നടത്തി പ്രതിഷേധിച്ചു. സിപിഒ റാങ്ക് ജേതാക്കളുടെ സമരം പന്ത്രണ്ടാം ദിവസത്തേക്ക് കടന്നു ഫലം ലഭിക്കും വരെ സമരം ചെയ്യുമെന്നാണ് ഇവരുടെ തീരുമാനം. കോൺഗ്രസ് എംഎൽഎമാരായ ശബരീനാഥന്റെയും ഷാഫി പറമ്പിലിന്റെയും നിരാഹാര സമരം ഇന്ന് ആറാം ദിവസത്തേക്ക് കടന്നു.
There are no comments at the moment, do you want to add one?
Write a comment