സുപ്രീംകോടതി ജഡ്ജിയായി ആൾമാറാട്ടം: പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

തൃശൂർ: സുഹൃത്ത് സുപ്രീംകോടതി ജഡ്ജിയാണെന്ന് അവകാശപ്പെട്ട് ക്രിമിനൽ കേസ് റദ്ദാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 5,50,000 രൂപ വാങ്ങി ചതിച്ച കേസിലെ പ്രതി നെന്മണിക്കര തലവാണിക്കര വാരിയത്ത് വളപ്പിൽ വിജയന്റെ (40) മുൻകൂർ ജാമ്യാപേക്ഷ തള്ളി ജില്ല സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ഉത്തരവിട്ടു.
സുഹൃത്തായ കണ്ണൂർ ചിറയ്ക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷ് (40) സുപ്രീംകോടതി ജഡ്ജിയാണെന്നും പണം തന്നാൽ കേസുകൾ ഒതുക്കിത്തീർക്കാമെന്നും പറഞ്ഞ് പാലിയേക്കര പാണാടൻ ജോയിയെ പ്രതിയായ വിജയൻ കൂട്ടുപ്രതിയായ ജിഗീഷിനൊപ്പം സമീപിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് ജോയ് പണം നൽകുകയായിരുന്നു.
നിയമവിരുദ്ധമായ കാര്യത്തിനാണ് പരാതിക്കാരൻ തെറ്റായമാർഗത്തിലൂടെ പണം നൽകിയതെന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും ജിഗീഷിനെ ജോയിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു മുൻകൂർ ഹരജിയിൽ പ്രതി വിജയൻ വാദിച്ചത്.
എന്നാൽ, കേസന്വേഷണം പൂർത്തിയായിട്ടില്ലെന്നും അനർഹമായ കാര്യങ്ങൾ നടത്തിത്തരുന്നതിന് സുപ്രീംകോടതി ജഡ്ജിയായി ആൾമാറാട്ടം നടത്തി പ്രതി വിജയൻ പരാതിക്കാരനായ ജോയിയിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ച് കോടതി ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
There are no comments at the moment, do you want to add one?
Write a comment