തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ മാപ്പു പറയണമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ വ്യാഴാഴ്ച ഗാന്ധി സ്മൃതി മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
‘ചെത്തുകാരന്റെ മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു, ഹെലികോപ്ടറിൽ സഞ്ചരിക്കുന്നു’ എന്ന കെ സുധാകരന്റെ പരാമർശം ഒരു കോൺഗ്രസുകാരനും ഇത് അംഗീകരിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഷാനിമോൾ ഉസ്മാൻ വേദനയോടെ സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ചു. അവരെയും അപമാനിക്കുകയാണ്. കെ സുധാകരനെപ്പോലുള്ളവരെ വച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കഴിയുമോ.
കോവിഡ് പ്രതിസന്ധിക്കാലത്ത് ഇന്ത്യയിൽ വികസനത്തിനും ക്ഷേമത്തിനും മാതൃക കാട്ടാൻ ഈ ചെത്തുകാരന്റെ മകന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. വർഗസമരം നടത്തുന്ന തൊഴിലാളി വർഗത്തിൽ ജനിക്കുകയെന്നത് ഏതൊരു കമ്യൂണിസ്റ്റുകാരനും അഭിമാനമാണ്. തൃശൂരിലെ അന്തിക്കാട്ടും ആലപ്പുഴ ജില്ലയിലും നടന്ന ഐതിഹാസികമായ ചെത്തുതൊഴിലാളി സമരങ്ങൾ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പകർന്ന ഊർജം ചെറുതല്ല. ചെത്തുതൊഴിലാളിയായി ജനിച്ചത് മോശമാണെന്ന് കേരളത്തിലെ പൊതു സമൂഹം പറയില്ല.
ഗാന്ധിജിയുടെ ആദർശങ്ങൾക്കും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കുമെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. ഗാന്ധിജി ഉയർത്തിപ്പിടിച്ച ഉത്തമ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ട കാലഘട്ടമാണിത്. ഗാന്ധിജിയെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും ചരിത്രത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നു.
ഗാന്ധിജിയുടെ മൂല്യങ്ങൾ സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമ്ബോൾ ഓർക്കേണ്ട ഒരു കാര്യം, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അയിത്തോച്ചാടനം. ദൃഷ്ടിയിൽ കണ്ടാൽ അയിത്തമുള്ളൊരു കാലത്ത് അയിത്തോച്ചാടനം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുകയാണ് മഹാത്മാഗാന്ധി ചെയ്തത്. പാവപ്പെട്ട പട്ടികജാതി-പട്ടികവർഗ- പിന്നോക്കക്കാരെയും ഒഴിവാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ലെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. എല്ലാ വിഭാഗങ്ങളെയും സ്വാതന്ത്ര്യ സമരത്തിൽ കോർത്തിണക്കുന്ന ഘട്ടത്തിൽ അതിൽ നിന്ന് ആരും വിട്ടു പോകാൻ പാടില്ലെന്നതു കൊണ്ടാണ് അധഃസ്ഥിത വിഭാഗത്തിന്റെ പ്രശ്നം മനസ്സിലാക്കി അയിത്തോച്ചാടനത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കിയത്.
കേരളത്തിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രവർത്തിച്ച, ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ ജനകീയമാക്കിയ നേതാവാണ് കൃഷ്ണസ്വാമി അയ്യർ. ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സംസ്കരിച്ച മനസ്സിന്റെ ഉടമകളായിരിക്കണം. അതിനു പകരം വളരെ മോശമായ പരാമർശം നടത്താൻ ഒരു കോൺഗ്രസ് പ്രവർത്തകന് എങ്ങനെ നാവു പൊങ്ങുന്നു ആ പരാമർശം എന്നെ ഏറെ വിഷമിപ്പിച്ചു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ എന്റെ സീനിയറായി പഠിച്ചൊരാളായിരുന്നു കെ സുധാകരൻ. അദ്ദേഹത്തിന് പണ്ട് ഈ മനസ്സുണ്ടായിരുന്നില്ല. ഈ മാറ്റത്തിനു പിന്നിൽ ഒരു ദുഷിച്ച മനസ്സുണ്ട്. അത് അദ്ദേഹത്തിന് മാത്രമാണോ ഉള്ളതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് മന്ത്രി ബാലൻ പറഞ്ഞു.