കോവിഡ് വ്യാപനം; കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കും

തിരുവനന്തപുരം : കൊറോണ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ കൊറോണ വ്യാപനത്തെ കുറിച്ച് പഠിക്കാനാണ് പ്രത്യേക സംഘത്തെ വീണ്ടും കേന്ദ്ര ആരോഗ്യ മന്ത്രാലയം അയക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഇവരെ അയക്കും.
കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേർന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം.
രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളിൽ മൂന്നാമതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ഇപ്പോൾ കാണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള ജില്ലയിൽ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും തുടർച്ചയായ ദിവസങ്ങളിൽ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊറോണ ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment