വിവാഹദിവസവും ജീവകാരുണ്യ ദൗത്യം ഏറ്റെടുത്ത് യുവാവ്

ആംബുലന്‍സ് ഡ്രൈവര്‍ ആയ മണ്ണൂര്‍ മുര്‍ഷിദ മന്‍സിലില്‍ പി മുസദ്ദിഖിന്റെ സാമൂഹ്യപ്രതിബദ്ധത നാടിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് ഇടയില്‍ വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായപ്പോള്‍ ഒരു മടിയും കൂടാതെ ഏറ്റെടുത്തു ഈ ചെറുപ്പക്കാരന് .
വിവാഹദിവസം വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് വിളി വന്നത്. കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രവര്‍ത്തകരാണ് ഫോണില്‍ ബന്ധപ്പെട്ടത്. വയോധികരായ ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സിന്റെ ചാവി ആവശ്യപ്പെട്ടാണ് വിളിച്ചത്. “മുസദ്ദിഖ് വിവാഹത്തിനായി ആറളത്തെ വധൂഗൃഹത്തില്‍ ആണെന്ന് മനസ്സിലാക്കിയതിനാല്‍ മറ്റൊരു ഡ്രൈവറെ കണ്ടെത്താനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ആംബുലന്‍സിന്റെ ചാവി വീട്ടില്‍ വെച്ചിട്ടുണ്ടോ എന്നറിയാനാണ് വിളിച്ചത്. പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്ത മുസദ്ദിഖ് വിവാഹത്തിനായി ധരിച്ചിരുന്ന വേഷത്തില്‍ തന്നെ ആംബുലന്‍സുമായി എത്തിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപോയി”, റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി ഷുഹൈബ് കൊതേരി പറഞ്ഞു
“ആംബുലന്‍സ് രോഗിയുടെ അടുത്ത് എത്തിച്ച ശേഷം കല്യാണപന്തലിലേക്ക് മടങ്ങാം എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പക്ഷേ രോഗികളുടെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു ഡ്രൈവര്‍ക്ക് വേണ്ടി കാത്തു നില്ക്കാന് മനസ്സ് അനുവദിച്ചില്ല. കല്യാണത്തെക്കാള്‍ പ്രാധാന്യം ജീവനകാരുണ്യ പ്രവര്‍ത്തനത്തിന് തന്നെ, “മുസദ്ദിഖ് പറഞ്ഞു.
നിര്‍ധനരും കിടപ്പു രോഗികളും ആയ വയോധികര്‍ക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം മുസദ്ദിഖ് വീണ്ടും വിവാഹ പന്തലില്‍ എത്തി. തുടര്‍ന്ന് ആറളം സ്വദേശിനി സുഹാനയുമായുള്ള വിവാഹം മംഗളകരമായി നടന്നു.
മുസദ്ദിഖിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രഥമ പരിഗണന നല്കുന്ന പ്രവര്‍ത്തനരീതി മുമ്ബും അനുഭവപ്പെട്ടിട്ടുണ്ട് എന്ന് റിലീഫ് സെല്‍ പ്രസിഡന്റ് പി എ ഷറഫുദീന്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തകരായ പികെ അയൂബ്, കെ പി റാഷീദ്, എം പി റഷീദ് എന്നിവരും ഇത്തരത്തിലുള്ള മുന്‍ അനുഭവങ്ങളെ കുറിച്ച് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment