കോവിഡ് മഹാമാരിയിൽ യു.എ.ഇയിൽനിന്ന് മടങ്ങിയത് 1.3 ദശലക്ഷം ഇന്ത്യക്കാർ

ദുബായ് : കോവിഡിനെ തുടര്‍ന്ന് 1.3 ദശലക്ഷം പേരാണ് യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.നിലവിലുള്ള കണക്കുകള്‍ പ്രകാരം 1.15 ദശലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞുവെന്നും ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
യു.എ.ഇയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയവരുടെയും തിരികെയെത്തിവരുടെയും കണക്ക് പരിശോധിച്ചാല്‍ 1,50,000 ആളുകളുടെ കുറവ് രേഖപ്പെടുത്തിയതായി കാണാം.
അതെ സമയം , എല്ലാവരും ജോലി നഷ്ടപ്പെട്ട് മടങ്ങിയതാണെന്ന് അര്‍ഥമില്ലെന്നും ചിലര്‍ മറ്റു വഴികള്‍ക്കായി ശ്രമിക്കുന്നുണ്ടാകാം, അല്ലെങ്കില്‍ അവധിക്കാലം ചെലവഴിക്കാന്‍ യാത്ര നടത്തിയതാവാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐ.സി.എ അംഗീകാരം ലഭിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇതൊക്കെ മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്നുണ്ടാവാമെന്നും മന്ത്രി വി. മുരളീധരന് പറഞ്ഞു.
എന്നാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന എമിഗ്രേഷന്‍ ആക്ട്കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതാണെന്നും കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗാര്‍ഹിക ജോലിക്കാരുടെ നിയമനങ്ങള്‍ തദ്ബീര്‍ ഏറ്റെടുക്കുന്നതോടെ വീട്ടുജോലിക്കാരുടെ തൊഴില്‍ കാര്യക്ഷമമാക്കാനുള്ള യു.എ.ഇയുടെ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
വിവിധ രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പതിവായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് വരെ യു.എ.ഇയുമായും പോയന്റ്-ടു-പോയന്റ് ഫ്ലൈറ്റ് സേവനങ്ങള്‍ക്കായി 20ലധികം രാജ്യങ്ങളുമായും ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാറുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
There are no comments at the moment, do you want to add one?
Write a comment