കുവൈറ്റ് സിറ്റി : രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി ലഭിച്ചാൽ വിസാ മാറ്റത്തിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഇനി മുതൽ ആവശ്യമായ അക്കാദമിക് യോഗ്യത നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ മുപ്പത്തി നാല് തസ്തികകളിലാണ് ഈ നിബന്ധന നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്വദേശി വൽക്കരണ നടപടികൾ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിർത്തിയാൽ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.
അധ്യാപകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, നിയമവിദഗ്ധർ, മാനേജർ, സ്പെഷലിസ്റ്റ്, ടെക്നീഷ്യൻ, പ്രഫഷനൽ അസിസ്റ്റൻറ്, ക്ലർക്ക്, സെയിൽസ് ആൻഡ് സർവിസ് ജീവനക്കാർ തുടങ്ങി മുപ്പത്തി നാല് വിഭാഗങ്ങളിലെ വിദഗ്ധ തൊഴിലാളികൾക്കാണ് നിബന്ധന കൊണ്ടുവാരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ആവശ്യമായ അക്കാദമിക് യോഗ്യത ഇല്ലാതെ ആയിരക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സർക്കാർ തീരുമാനം നിർബന്ധമാക്കിയാൽ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ വരും. എൻജിനീയർമാർക്ക് മാത്രം ഉണ്ടായിരുന്ന യോഗ്യത പരീക്ഷ സ്വകാര്യ മേഖല ഉൾപ്പെടെയുള്ള തൊഴിൽ മേഖലകിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനയും സർക്കാർ തലങ്ങളിൽ നടന്നുവരുന്നതായാണ് സൂചനകൾ.
അതേസമയം 70 വയസ്സ് കഴിഞ്ഞതും എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കി നൽകേണ്ടതില്ലെന്നുമുള്ള മറ്റൊരു തീരുമാനവും പുറത്തുവന്നിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ തന്നെ ജോലി നഷ്ടമാകുന്ന സാഹചര്യം നിലനിൽക്കെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ കൈക്കൊള്ളുന്ന ഇത്തരം നടപടികൾ കൂടിയാകുമ്പോൾ ഉള്ള ജോലിയും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം